
വാഷിംഗ്ടൺ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയറിയിച്ച് അമേരിക്കയിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാർ മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കി. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമയാണ് പ്രതിഷേധക്കാർക്കാർ വികൃതമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധസ്ഥലത്ത് ഖാലിസ്ഥാനി പതാകകൾ കണ്ടെന്ന് ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ശിൽപം വികൃതമാക്കിയത്. സംഭവത്തിൽ ഇന്ത്യൻ മിഷൻ പരാതി നൽകിയിട്ടുണ്ട്. മെട്രോപോളിറ്റൻ പൊലീസിനും നാഷണൽ പാർക്ക് പൊലീസിനും ഇന്ത്യൻ എംബസിയും പരാതി നൽകിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബീഗൺ മാപ്പ് പറഞ്ഞു. തുടർന്ന് ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവുമായി ചേർന്ന് അദ്ദേഹം വൃത്തിയാക്കിയ ശിൽപം വീണ്ടും ഉദ്ഘാടനം ചെയ്തു.
2000ത്തിൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് അമേരിക്ക സന്ദർശിച്ചപ്പോഴായിരുന്നു അന്നത്തെ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റനുമായി ചേർന്ന് ഈ പ്രതിമ സ്ഥാപിച്ചത്.
അതേസമയം, മുൻപും വിദേശത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. പഞ്ചാബ് കേന്ദ്രമായി സിക്കുകാർക്ക് മാത്രമായി പ്രത്യേക രാജ്യം രൂപീകരിക്കണമെന്നാണ് ഖാലിസ്ഥാൻ സംഘടനകളുടെ ആവശ്യം. കർഷകർക്കായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നടത്തിയ സമരത്തിലും ഖാലിസ്ഥാനി പതാകകൾ പ്രത്യക്ഷപ്പെട്ടിരുന്നു.