
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍എസ് വിരാടിനെ സംരക്ഷിക്കാനുള്ള സാദ്ധ്യതകൾ മങ്ങുന്നു. ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് വിരാടിനെ കൈമാറാന്‍ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് പട്ടേല്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇവർ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് കഠിനമാക്കുന്നു. സര്‍ക്കാരിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഒറ്റ തവണ കൊണ്ട് മുഴുവന്‍ തുകയും അടക്കുകയും ചെയ്താൽ പദ്ധതി സാദ്ധ്യമാകും മുകേഷ് പട്ടേല്‍ പറഞ്ഞു. ആ തുക കുറഞ്ഞത് 110 കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് ഇ-ലേലത്തിലൂടെ 38 കോടി രൂപയ്ക്കാണ് ശ്രീറാം ഗ്രൂപ്പ് യുദ്ധക്കപ്പല്‍ വാങ്ങിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ശ്രീ റാം ഗ്രൂപ്പില്‍ നിന്നുള്ള അന്തിമ ഓഫര്‍ യുദ്ധക്കപ്പല്‍ വാങ്ങാൻ ആഗ്രഹിക്കുന്ന എന്‍വിടെക്കിനെ കുഴപ്പിക്കുന്നു. കാരണം, മുഴുവൻ തുകയും കൈമാറുന്നതിന് മുമ്പ് വിമാനവാഹിനിക്കപ്പൽ പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധന നിര്‍ണായകമാണ്, ആലംഗില്‍ നിന്ന് യുദ്ധക്കപ്പല്‍ എത്തിക്കാനുള്ള പദ്ധതിയും പൂര്‍ണമായും യുദ്ധക്കപ്പലിന്റെ ഇപ്പോഴത്തെ അവസ്ഥയെ ആശ്രയിച്ചിരിക്കും. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിന് മുമ്പാണ് വിരാടിന്റെ നിർമ്മാണം ആരംഭിച്ചത്. ശ്രീ റാം ഗ്രൂപ്പിന് തവണകളായി പണമടയ്ക്കാന്‍ എന്‍വിടെക് തയ്യാറായിരുന്നു, എന്നാൽ ഈ ഓഫര്‍ അവർ നിരസിച്ചു.
നേരത്തെ, വിരാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും കത്തെഴുതിയിരുന്നു. ഇന്ത്യ ഡീക്കമ്മീഷന്‍ ചെയ്ത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട്, ബ്രിട്ടീഷ് റോയല്‍ നേവിയില്‍ എച്ച്എംഎസ് ഹെര്‍മ്സ് എന്ന പേരില്‍ സേവനമനുഷ്ടിച്ചിരുന്നു. മറ്റെല്ലാ നിര്‍ദേശങ്ങളും പരാജയപ്പെട്ടാല്‍, വിമാനവാഹിനിക്കപ്പല്‍ ബ്രിട്ടണിലേക്ക് തിരികെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും അവിടെ ഒരു മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ കഴിയുമെന്നും ഹെര്‍മ്സ് വിരാട് ഹെറിറ്റേജ് ട്രസ്റ്റ് ഇരുനേതാക്കള്‍ക്കും എഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സജീവമായിരുന്ന യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് വിരാടെന്ന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്ക് അയച്ച കത്തില്‍ ട്രസ്റ്റ് ചൂണ്ടിക്കാണിച്ചു. ഹെര്‍മ്സ് ട്രസ്റ്റ് അതിന്റെ ഇന്ത്യന്‍ പങ്കാളികളായ എന്‍വിടെകുമായി ചേര്‍ന്ന് വിരാടിനെ ഗോവ തീരത്ത് ഒരു മ്യൂസിയമാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാവികസേന ഡീക്കമ്മീഷന്‍ ചെയ്ത വിരാടിനെ ഏറ്റെടുക്കാനായി, എന്‍വിടെക് നല്‍കിയ അപേക്ഷയില്‍ എന്‍ഒസി നല്‍കാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍വിടെക് വിഷയത്തില്‍, വരുന്ന ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും.