covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് കോടി ( 72,208,775) കവിഞ്ഞു. അതേസമയം, രോഗവിമുക്തരുടെ എണ്ണം അഞ്ച് കോടി ( 50,596,274 ) കവിഞ്ഞത് ആശ്വാസവാർത്തയാണ്. ലോകത്ത് ഇതുവരെ 1,613,693 പേർ മരിച്ചു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനവും മരണവും ഏറ്റവും കൂടുതൽ.

അതേസമയം, ഇന്ന് മുതൽ അമേരിക്കക്കയിൽ​ ഫൈസർ വാക്​സിന്റെ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വിതരണപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ആദ്യ ഡോസുകൾ ഞായറാഴ്ച അയക്കുമെന്നും തിങ്കളാഴ്ച രാവിലെ മുതൽ അമേരിക്കൻ ജനതയ്ക്ക് വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് 100% ആത്മവിശ്വാസമുണ്ടെന്നും യു.എസ്​ ആർമി​ ജനറൽ ഗുസ്​താവ്​ പെർന പറഞ്ഞു.

രാജ്യത്തെ എല്ലാ സ്​റ്റേറുകളിലുമുള്ള 145 സൈറ്റുകൾക്ക്​ ഇന്ന് വാക്സിൻ ലഭിച്ചേക്കും. നാളെ 425 സൈറ്റുകളിലേക്കും എത്തിക്കും. അവശേഷിക്കുന്ന 66 സൈറ്റുകളിൽ ബുധനാഴ്ചയും ആരംഭിക്കും. അതോടെ, ഫൈസർ - ബയോൺടെക് വാക്സിന്റെ പ്രാഥമിക ഡെലിവറി പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ഷിപ്പിംഗിലൂടെ 30 ദശലക്ഷം പേർക്ക് കുത്തിവയ്പ്പ് നൽകുമെന്നാണ് വിവരം.

ഫൈസർ വാക്​സിന്റെ അടിയന്തര ഉപയോഗത്തിന്​ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയിരിക്കുന്നത്​. 16 വയസിന്​ മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്.

അമേരിക്കയെ കൂടാതെ, ബ്രിട്ടൻ, സൗദി അറേബ്യ, ബഹ്റൈൻ, കാനഡ എന്നീ രാജ്യങ്ങൾ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.