
അഡ്‌ലെയ്ഡ് : ആസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻസും ആസ്ട്രേലിയ എയും തമ്മിൽ നടന്ന രണ്ടാം സന്നാഹ ത്രിദിന മത്സരവും സമനിലയിൽ കലാശിച്ചു.ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിന്റെ അവസാന ദിവസം 473 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ എ ടീം 307/4 എന്ന സ്കോറിലെത്തിയപ്പോഴാണ് സമനിലക്കർട്ടൻ വീണത്.
അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യൻ സംഘം ആദ്യ ഇന്നിംഗ്സിൽ 194 റൺസിന് ആൾഔട്ടായപ്പോൾ ആസ്ട്രേലിയ എ 108 റൺസേ നേടിയിരുന്നുള്ളൂ.രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻസ് 386/4എന്ന സ്കോർ ഉയർത്തിയിരുന്നു.അവസാന ദിവസമായ ഇന്നലെ ഈ സ്കോറിൽ ഡിക്ളയർ ചെയ്ത ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിംഗിന് ഇറക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 25/3 എന്ന നിലയിലായിരുന്ന ആസ്ട്രേലിയക്കാർ ബെൻ മക്ഡർമോട്ടിന്റെയും (107*) ജാക്ക് വിൽഡർമൗത്തിന്റെയും (111*) അപരാജിത സെഞ്ച്വറികളുടെ മികവിലാണ് 307/4ലെത്തിയത്. മുൻ പേസർ ക്രെയ്ഗ് മക്ഡർമോട്ടിന്റെ മകനാണ് ബെൻ.ക്യാപ്ടൻ അലക്സ് കാരേ 58 റൺസെടുത്തു.
ഈ മാസം 17ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പകൽ -രാത്രി മത്സരമായതിനാൽ ഈ സന്നാഹവും ഡേ ആൻഡ് നൈറ്റായി പിങ്ക് പന്ത് ഉപയോഗിച്ചാണ് നടത്തിയത്.
പിങ്ക് ടെസ്റ്റിനുള്ള പ്ളസ് പോയിന്റ്സ്
കംഗാരുക്കളുടെ മണ്ണിൽ ടെസ്റ്റ് പരീക്ഷയ്ക്ക് ഇറങ്ങാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്ന പ്രകടനമാണ് സന്നാഹത്തിൽ പുറത്തെടുക്കാനായത്. ബാറ്റ്സ്മാൻമാർക്കും ബൗളർമാർക്കും പിങ്ക് പന്തിൽ മികവ് കാട്ടാനുള്ള അവസരവും ലഭിച്ചു.
1.ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് ദുഷ്കരമായ സാഹചര്യത്തെ ചെറുത്തുനിൽക്കാൻ അൽപ്പമെങ്കിലും ഇന്ത്യയ്ക്ക് കഴിഞ്ഞു.വാലറ്റക്കാരൻ ജസ്പ്രീത് ബുംറ അർദ്ധസെഞ്ച്വറി നേടി.
2. ആസ്ട്രേലിയൻ ബൗളർമാരെക്കാൾ നന്നായി സാഹചര്യങ്ങൾ മുതലാക്കാൻ ഇന്ത്യൻ പേസർമാരായ ഷമിക്കും ബുംറയ്ക്കും സെയ്നിക്കും കഴിഞ്ഞതിനാലാണ് ആസ്ട്രേലിയൻ എയുടെ ഒന്നാം ഇന്നിംഗ്സ് 108ൽ അവസാനിച്ചത്.
3.സിറാജ് ഉൾപ്പടെ നാലു പേസർമാർ മാത്രമാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. ഷമിയും സെയ്നിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബുറയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.
4. മയാങ്ക് അഗർവാൾ,ഹനുമ വിഹാരി.റിഷഭ് പന്ത്,ശുഭ്മാൻ ഗിൽ എന്നിവർക്ക് നല്ല ബാറ്റിംഗ് പരിശീലനത്തിനുള്ള അവസരമാണ് ലഭിച്ചത്. ഗിൽ ആദ്യ ഇന്നിംഗ്സിൽ 43 റൺസും രണ്ടാം ഇന്നിംഗ്സിൽ 65 റൺസും നേടി.വിഹാരിയും (104*) പന്തും (103*) രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറികൾ നേടി.മയാങ്ക് 61 റൺസും.
5. രണ്ട് സന്നാഹങ്ങളിലും ഇന്ത്യയെ നയിച്ച രഹാനെയുടെ അഗ്രസീവ് ക്യാപ്ടൻസിയും പ്രശംസ നേടി.