-heli-agricultural-direct

മഞ്ഞു പൊഴിയുന്ന ക്രിസ്‌മസ് രാത്രികളിൽ ആ ഫോൺ കാൾ വരാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരു തവണ പോലും തെറ്റാതെ, 'എടോ ഞാൻ ഹേലി, എന്തുണ്ട് വിശേഷങ്ങൾ?' എന്ന മുഖവുരയുമായി വന്നെത്തിയിരുന്ന ആ സ്നേഹശബ്ദം ഇനിയില്ല.

ഹേലിയെന്ന പേര് പണ്ഡിതനായ അച്ഛൻ പി.എം. രാമൻ ഇട്ടതാണ്. സൂര്യൻ എന്ന് അർത്ഥം. അതും ഹേലി സാർ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. കൃഷിയുടെ മാത്രമല്ല, കാർഷികവിജ്ഞാനത്തിന്റെയും ആ സൂര്യനാണ് അസ്തമിച്ചുപോയത്. എന്തൊരു വെളിച്ചമായിരുന്നു അത്! കേരളത്തിന്റെ കാർഷിക മേഖലയിൽ ഏഴു പതിറ്റാണ്ടോളം ജല്വലിച്ചുനിന്ന പ്രഭാപൂരം.

അന്നത്തിനായി അവിശ്രമം വിയർപ്പൊഴുക്കുന്ന കർഷകരുടെ പക്ഷത്തെ പോരാളിയും തേരാളിയുമായിരുന്നു ഹേലി സാർ. പാൽ മണം മാറാത്ത കതിരു പോലെ ചൈതന്യം തുടിക്കുന്നതായിരുന്നു ആ ലേഖനങ്ങൾ. കനവും കാമ്പുമുള്ളതായിരുന്നു ആ പ്രഭാഷണങ്ങൾ. ബംഗാൾ ക്ഷാമത്തിൽ തുടങ്ങി, നെഹ്‌റുവിനെയും ആർ. ശങ്കറിനെയും സി. അച്യുതമേനോനെയും എം.എൻ. ഗോവിന്ദൻ നായരെയുമൊക്കെ അടുത്തറിഞ്ഞ് അവരുടെ കാർഷികവീക്ഷണത്തെ കർഷകനന്മയ്ക്കായി മാത്രം സ്വാധീനിച്ച പ്രതിഭ.

കൗമുദി ടിവിയിലെ 'ഹരിതം സുന്ദരം' എന്ന കാർഷിക പരിപാടിയിലെ അഭിമുഖത്തിനായി എന്റെ കൈപിടിച്ച് അദ്ദേഹം വന്നത് ഓർമ്മയുണ്ട്. അഭിമുഖം കഴിഞ്ഞപ്പോൾ പറഞ്ഞു, 'ദൃശ്യമാദ്ധ്യമമൊക്കെ നല്ലതു തന്നെ, എങ്കിലും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.' അക്ഷരമെന്നാൽ ക്ഷരം (നാശം) ഇല്ലാത്തതാണ് എന്ന ഇടറുന്ന സ്വരത്തിലെ ഉപദേശം ഇപ്പോഴുമുണ്ട്, കാതിൽ.