
മുംബയ്: ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. ടി.ആർ.പി തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെ പ്രതിയാണിയാൾ.
ടി.ആർ.പി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. നേരത്തെ വികാസിനെ പൊലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബർ ആറിനാണ് ടി.ആർ.പി തട്ടിപ്പ് കേസിൽ മുംബയ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹൻസ റിസേർച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിൻ ദിയോകറാണ് റിപ്പബ്ലിക് ടി.വിക്കെതിരെ പരാതി നൽകിയത്. ബാർകിന് വേണ്ടി റേറ്റിംഗ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ച് എന്ന കമ്പനിയാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.