
റോം: എല്ലാവരുടേയും ഇഷ്ട ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസാണ് ഇപ്പോൾ സംസാരവിഷയം. ഒറ്റ നോട്ടത്തിൽ ഈ കണ്ണട ധരിച്ചിരിക്കുന്ന വ്യക്തി ഇത് തല കീഴായി ധരിച്ചിരിക്കുകയാണെന്നേ മറ്റുള്ളവർ കരുതൂ. സാധാരണയായി കണ്ണടയുടെ മുകൾ ഭാഗത്താണ് ചെവിയിലേക്ക് പോകുന്ന ഫ്രയിമിന്റെ തുടക്കമെങ്കിൽ ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസിൽ ഇത് താഴെയാണ്.
ഗുച്ചി വെബ്‌സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് 1950 കളിലെയും 60 കളിലെയും ക്യാറ്റ് ഐ ഫ്രയിമുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ കണ്ണട തയ്യാറാക്കിയിരിക്കുന്നത്. കറുപ്പും, വെളുപ്പും നിറത്തിലുള്ള നിരവധി അസറ്റേറ്റ് ലേയറുകൾ ചേർത്താണ് ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്
അമേരിക്കൻ-ഇറാനിയൻ നോവലിസ്റ്റായ പൊറോച്ചിസ്റ്റ ഖാഖ്പൗർ ഈ കണ്ണടയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് കണ്ണട വൈറൽ ആയത്.
'ഗുച്ചി, നിങ്ങൾ ഇതെന്തിന് ചെയ്യുന്നു' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ട്വീറ്റ് ധാരാളം പേരാണ് റീട്വീറ്റ് ചെയ്യുന്നത്. ബ്രിട്ടീഷ് മൾട്ടി നാഷണൽ ഒപ്റ്റിക്കൽ റീട്ടെയിൽ ശൃംഖലയായ സ്‌പെക്‌സേവേഴ്‌സും ട്വിറ്ററിൽ ഗുച്ചിയുടെ പുത്തൻ കണ്ണടയെപ്പറ്റി പ്രതികരിച്ചു. ഗുച്ചിയെ ടാഗുചെയ്ത് “നമ്മൾക്ക് ഒന്ന് സംസാരിക്കണം” എന്നാണ് സ്‌പെക്‌സേവേഴ്‌സ് ട്വീറ്റ് ചെയ്തത്. 755 ഡോളറാണ് (ഏകദേശം 55,000 രൂപ) കണ്ണടയുടെ വില.