
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പ്രഗ്യാ സിംഗ് ഠാക്കൂര്‍. ബംഗാളില്‍ മമതയുടെ ഭരണം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഗ്യാ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പോടെ ബംഗാള്‍ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നും പ്രഗ്യ അവകാശപ്പെട്ടു.
ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദത്തിന് പ്രഗ്യ തുടക്കമിട്ടിരിക്കുന്നത്. 'അവരുടെ ഭരണം അവസാനിക്കുമെന്ന് അറിഞ്ഞതിനാല്‍ മമത നിരാശയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും. പശ്ചിമ ബംഗാളില്‍ ഹിന്ദു രാജ് ഉണ്ടാക്കും', പ്രഗ്യ സിംഗ് പറഞ്ഞു. ഇതിനു മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി വാർത്തകളില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍.
നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത് നേരത്തെ വിവാദത്തിന് വഴിവെച്ചിരുന്നു. 2008 സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ മലേഗാവ് പട്ടണത്തിന് സമീപം നടന്ന സ്ഫോടനത്തിലെ പ്രതിയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍.
ജെ പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം മമത സര്‍ക്കാരിനെതിരെ കേന്ദ്രവും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറും വിമര്‍ശനം ഉന്നയിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ജഗദീപ് ധങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.