madrid-derby

അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-0ത്തിന് റയൽ മാഡ്രിഡ് തോൽപ്പിച്ചു

അത്‌ലറ്റിക്കോ വഴങ്ങിയത് ഈ സീസൺ ലാലിഗയിലെ ആദ്യ തോൽവി

മാഡ്രിഡ് : നഗരവൈരികളുടെ വാശിയേറിയ പോരിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഈ സീസണിന്റെ തുടക്കത്തിൽ ചില അപ്രതീക്ഷിത തോൽവികൾ വഴങ്ങേണ്ടിവന്ന റയൽ മാഡ്രിഡ് ഡർബിയിലെ മനോഹരവിജയത്തോടെ കിരീടം നിലനിറുത്താനുള്ള സാദ്ധ്യതകൾ വീണ്ടും സജീവമാക്കി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം സീസണിലെ ആദ്യ തോൽവി വഴങ്ങിയെങ്കിലും പോയിന്റ് നിലയിൽ അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്.

കഴിഞ്ഞ ദിവസം നിർണായക യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ കീഴടക്കി പ്രീക്വാർട്ടർ ഉറപ്പിച്ച റയൽ മാഡ്രിഡ് അതിന്റെ തുടർച്ചയെന്നോണമാണ് ഡർബി വിജയവും നേടിയത്.ആദ്യ പകുതിയിൽ കാസിമെറോയിലൂടെ മുന്നിലെത്തിയിരുന്ന റയലിന് രണ്ടാം പകുതിയിൽ ഒബ്ളാക്കിന്റെ സെൽഫ് ഗോൾ സമ്മാനമായി ലഭിക്കുകയായിരുന്നു.

ഗോളുകൾ ഇങ്ങനെ

1-0

15-ാം മിനിട്ട്

ടോണി ക്രൂസ് എടുത്ത ഒരു കോർണർകിക്കിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയാണ് കാസിമെറോ സ്കോർ ചെയ്തത്.

2-0

63-ാം മിനിട്ട്

‌ടോണി ക്രൂസിന്റെ ഒരു ഫ്രീകിക്ക് കർവാഹായൽ ബോക്സനുള്ളിൽ നിന്ന് ഷൂട്ട് ചെയ്തെങ്കിലും പോസ്റ്റിൽ തട്ടിമടങ്ങി. ഈ പന്ത് ഒബ്ളാക്കിന്റെ പിൻകാലിൽത്തട്ടി വലയിൽ കയറുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ ഹ്യുയേസ്ക ഡിപോർട്ടീവോ അലാവേസിനെയും സെവിയ്യ ഗെറ്റാഫെയെയും 1-0 എന്ന മാർജിനിൽ കീഴടക്കിയപ്പോൾ വലൻസിയ 2-2ന് അത്‌ലറ്റ് ക്ളബുമായി സമനിലവഴങ്ങി.

11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.12 കളികളിൽ നിന്ന് 25 പോയിന്റുള്ള റയൽ സോസിഡാഡാണ് രണ്ടാമത്. മൂന്നാമതുള്ള റയലിന് 23 പോയിന്റാണുള്ളത്. മുൻചാമ്പ്യന്മാരായ ബാഴ്സലോണ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.