aster

 സെന്റർ തുറന്നത് വയനാട്ടിൽ

കൽപ്പറ്റ: കൊവിഡ് ഭേദമായവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യയിലെ ആദ്യ പോസ്‌റ്റ് കോവിഡ് റിജുവനേഷൻ സെന്ററുമായി ആസ്‌റ്റർ ഡി.എം ഹെൽത്ത്കെയർ. വയനാട്ടിൽ ആരംഭിച്ച 'റിജുവ് അറ്റ് ആസ്‌റ്റർ വയനാട്" സ്ഥാപനത്തിന്റെ ഉദ്ഘാടനം സൂര്യ സ്‌റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്‌ടർ സൂര്യ കൃഷ്‌ണമൂർത്തി ഓൺലൈനിൽ നിർവഹിച്ചു.

ആസ്‌റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ സന്നിഹിതനായിരുന്നു. ഡി.എം. വിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആസ്‌റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ആധുനിക വൈദ്യശാസ്‌ത്രം, ആയുർവേദം, യോഗ, ഉല്ലാസയാത്ര, നാടൻ കലകൾ എന്നിവ സംയോജിപ്പിച്ചുള്ള പാക്കേജാണ് നൽകുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

റിജുവ് അറ്റ് ആസ്‌റ്റർ വയനാട് വെബ് പേജ് ഡി.എം എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ട്രസ്‌റ്റി യു. ബഷീർ പ്രകാശനം ചെയ്‌തു. ബ്രോഷർ പ്രകാശനം ആസ്‌റ്റർ മിംസ് കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ ക്ളസ്‌റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണന് നൽകി നിർവഹിച്ചു.

ആസ്‌റ്റർ മിംസ് കോഴിക്കോട്ടെ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ജേക്കബ് ആലപ്പാട്ട് കോർപ്പറേറ്റ് വീഡിയോ പുറത്തിറക്കി. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ, എ.ജി.എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംബന്ധിച്ചു. വിവരങ്ങൾക്ക് : 7591966333