
ടെൽ അവീവ്: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് ഭൂട്ടാൻ. കരാറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്തോഷം പ്രകടിപ്പിച്ചു. ചരിത്രപരമായ ദിവസമെന്നാണ് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചത്. സാമ്പത്തികവും സാങ്കേതികവും കാർഷികവുമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം സ്ഥാപിക്കും. സൗദി അറേബ്യയും, ഒമാനുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സമീപകാലത്ത് ഇസ്രയേലുമായി, യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ ബന്ധം സ്ഥാപിച്ചിരുന്നു. അതേസമയം, മൊറോക്കോയും ഇസ്രയേലും തമ്മിലുള്ള സമാധാന കരാറിൽ അമേരിക്ക മദ്ധ്യസ്ഥം വഹിച്ചതിന് സൗദി അറേബ്യ മുൻകൈ എടുത്തിരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇസ്രയേലുമായി മൊറോക്കോ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. പേര് പുറത്തുവിടാൻ ആഗ്രഹിക്കാത്ത നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രയേൽ ചാനലായ 12 ടി.വിയാണ് വെള്ളിയാഴ്ച സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇസ്രയേലുമായുള്ള ബന്ധം ഉടൻ സാധാരണ നിലയിലാക്കാൻ സൗദി അറേബ്യ തയാറാകാൻ സാദ്ധ്യതയുണ്ടെന്നും പിന്തുണയുടെ അടയാളമായി, സൗദി രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രമുഖ പത്രം മൊറോക്കോ-ഇസ്രയേൽ ഉടമ്പടി ആദ്യ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ, നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റെടുക്കുന്നതിന് മുമ്പായി ഇസ്രയേൽ ഭരണകൂടവുമായി കരാർ ഒപ്പിടാൻ മറ്റ് നിരവധി രാജ്യങ്ങളെ സഹായിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായി സൗദി അറേബ്യ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രയേലിന്റെ ചാനൽ 13 ടിവി റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നും, അടുത്തതായി ഒമാനും ഇന്തൊനേഷ്യയും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.