
ലക്‌നൗ: ഡോ. കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യു.പി സർക്കാർ ജയിലിലാക്കിയ ഡോ. കഫീൽഖാൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്തംബർ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്.
കഫീൽ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിയിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ യാതൊരു തെളിവുമില്ല. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട യാതൊന്നും കഫീൽഖാന്റെ പ്രസംഗത്തിലില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്ക നടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ടെന്നും യു.പി സർക്കാർ ഹർജിയിൽ പറയുന്നു.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിനാണ് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ തടവിലാക്കുന്നത്.
ഗൊരഖ്പുരിലെ ബി.ആർ.ഡി.മെഡിക്കൽ കോളേജിൽ 2017ൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.