himalayan-serrow

ഷിംല: വംശനാശം സംഭവിച്ചുവെന്ന് കരുതിയ 'ഹിമാലയൻ സെറോ' (Himalayan Serow) എന്ന കാട്ടാടിനെ ഹിമാചൽ പ്രദേശിലെ സ്‌പിറ്റി താഴ്‌വരയിൽ വീണ്ടും കണ്ടെത്തി. ആടിന്റെയും മാനിന്റെയും രൂപം ഇടകലർന്ന (goat-like antelope) ജീവിയാണിത്.

ഇന്തോ- ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള മേഖലയിൽ ഹിമാലയൻ സെറോയെ കണ്ടെത്തുന്നത് ആദ്യമായാണ്. കുറച്ചു വർഷം മുമ്പ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിലാണ് ഈ മൃഗത്തെ ഇതിനു മുമ്പ് കണ്ടത്. പിന്നീട് ഹിമാലയൻ സെറോ ദേശീയോദ്യാനത്തിലോ സ്പിറ്റിയിലെ മറ്റ് പ്രദേശങ്ങളിലോ കാണപ്പെട്ടിട്ടില്ല എന്നാണ് ഔദ്യോഗിക സൂചന.

പ്രദേശത്തെ ഒരു ജലാശയത്തിന് സമീപം കാണപ്പെട്ട ഹിമാലയൻ സെറോയുടെ ദൃശ്യങ്ങൾ വനം വകുപ്പുദ്യോഗസ്ഥർ പകർത്തി. മനുഷ്യസാമീപ്യം തിരിച്ചറിതോടെ ഹിമാലയൻ സെറോ അപ്രത്യക്ഷമായി. പകർത്തിയ ദൃശ്യങ്ങൾ വിശദമായി പഠിച്ച ശേഷമാണ് ഹിമാലയൻ സെറോയാണെന്നുറപ്പിച്ചതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കർസ ഹർദേവ് നെഗി പറഞ്ഞു. വന്യജീവി സംരക്ഷണനിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയ ജീവിയായതിനാൽ ഇതിനെ വേട്ടയാടുന്നത് ക്രിമിനൽ കുറ്റമാണ്. നിബിഡവനങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഈ ജീവി തണുപ്പ് അധികരിക്കുമ്പോൾ മാത്രമാണ് പർവതങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് നീങ്ങുന്നതെന്നും നെഗി വ്യക്തമാക്കി.