covid

പുനെ: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരിയിൽ ആരംഭിച്ചേക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. ഓക്സ്‌ഫോഡ് സർവകലാശാലയും അസ്ട്രാസെനെകയും സംയുക്തമായി നിർമ്മിക്കുന്ന വാക്സിന്റെ അവസാനഘട്ട പരീക്ഷണം തുടരുകയാണ്. ഈ മാസം അവസാനത്തോടെ വാക്സിന് 'അടിയന്തര ഉപയോഗത്തിനുള്ള" അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം.

2021 ഒക്ടോബറോടെ എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ നൽകാനാകുമെന്നും ഒക്ടോബറിന് ശേഷം ഇന്ത്യയിൽ സാധാരണ ജനജീവിതം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പൂനവാല ഒരു ചടങ്ങിൽ പറഞ്ഞു.

20 ശതമാനം ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭ്യമായിക്കഴിയുമ്പോൾ തന്നെ ആത്മവിശ്വാസവും സാധാരണ ജീവിതവും തിരികെ വരും.

അടുത്ത വർഷം സെപ്തംബർ – ഒക്ടോബറോടെ എല്ലാവർക്കും വാക്‌സിൻ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാം.

അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിനുള്ള നിവേദനങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തിയ കമ്മിറ്റി അവസാനഘട്ട ക്ലിനിക്കൽ ട്രയലുകളുടെ സുരക്ഷതത്വവും ഫലപ്രാപ്തിയും തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ഓക്സ്‌ഫോഡ്– അസ്ട്രാസെനകയുടെ കോവിഷീൽഡ് വാക്സിനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷിക്കുന്നത്.