
ദുബായ്: പ്രിയപ്പെട്ട മകളുടെ വിവാഹം അമേരിക്കയിൽ നടക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളായ സമിർ സാഹുവിന്റേയും ഭാര്യ ഇൻഗ്രിഡ് സാഹുവിന്റേയും സ്വപ്നങ്ങൾ തകർത്ത് എറിഞ്ഞത് കൊവിഡ് മഹാമാരിയാണ്. രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാനസർവീസുകൾ നിറുത്തുകയും ചെയ്തതോടെ ഇരുവരും പ്രതിസന്ധിയിലായി. എന്നാൽ, സൂം ആപ്പിന്റെ സഹായത്തോടെ മകളുടെ വിവാഹം കണ്ടാസ്വദിക്കാനും ആശിർവദിക്കാനും സാധിച്ചതോടെ സാഹു ദമ്പതികൾ സന്തോഷത്തിലായി.
ദുബായിൽ ഭർത്താവിനും മകനുമൊപ്പമിരുന്നാണ് വാഷിംഗ്ടണിൽ നടന്ന വിവാഹം ഇൻഗ്രിഡ് സാഹു ആസ്വദിച്ചത്. മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് സ്വപ്‌നത്തിൽ പോലും തങ്ങൾ കരുതിയിരുന്നില്ലെന്ന് ഇവർ പറഞ്ഞു. അമേരിക്കൻ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും തങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ, കൊവിഡ് എല്ലാം മാറ്റിമറിച്ചു. വിവാഹം മാറ്റി വയ്ക്കാവുന്ന സാഹചര്യവുമായിരുന്നില്ല- സങ്കടത്തോടെ ഇൻഗ്രിഡ് സാഹു പറഞ്ഞു. യാത്രാവിലക്കുകൾ നീങ്ങിയ ശേഷം മകളെയും ഭർത്താവിനെയും നേരിൽ കാണാൻ കാത്തിരിക്കുകയാണ് ഇവർ.