arya-banerjee

കൊൽക്കത്ത: ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനർജിയുടെ (35) മരണം കൊലപാതകമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ ലിവർ സിറോസിസ് രോഗിയായിരുന്നുവെന്നും ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്ത ജോയിന്റ് പൊലീസ് കമ്മിഷണർ മുരളീധർ ശർമയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്

ജോധ്പുർ പാർക്കിലെ ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന ആര്യയെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കാതെ വന്നതോടെ ജോലിക്കാരി അയൽക്കാരെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചപ്പോൾ മുറിയിൽ നിലത്തുകിടക്കുകയായിരുന്നു ആര്യ. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ‌

ഡേർട്ടി പിക്ചർ, ലവ് സെക്സ് ഔർ ധോക്ക എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. സാവ്ധാൻ ഇന്ത്യ എന്ന ടിവി സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ആര്യയുടെ യഥാർത്ഥ പേര് ദേബദത്ത എന്നാണ്. പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ മകളാണ്.