
അഹമ്മദാബാദ്: കൊവിഡ് ബാധിതരായവരിൽ ചിലർക്ക് അപൂർവവും ഗുരുതരവുമായ മ്യൂകോർമിക്കോസിസ് (mucormycosis) എന്ന ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടർമാർ.
അമ്പതു ശതമാനം രോഗികളിൽ മരണകാരണമായേക്കാവുന്ന മ്യൂകോർമിക്കോസിസ് അഞ്ച് കൊവിഡ് രോഗികളിലും കൊവിഡ് മുക്തരായ 19 പേരിലും കണ്ടെത്തിയെന്ന് അഹമ്മദാബാദിലെ റെറ്റിന ആൻഡ് ഒകുലാർ ട്രോമാ സർജൻ ഡോ. പാർഥ് റാണ പറഞ്ഞു. നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികൾ.
ഇവരിൽ രണ്ടു പേർ മരിച്ചു. മറ്റ് രണ്ടു പേർ രോഗമുക്തി നേടിയെങ്കിലും കാഴ്ച നഷ്ടമായി.
രോഗം ബാധിച്ചവരിൽ നാലു പേർ 34 നും 47 നു മദ്ധ്യേ പ്രായമുള്ള പുരുഷന്മാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയിൽ 67കാരനെ ഭുജിൽ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവർക്ക് രോഗപ്രതിരോധ ശേഷി കുറവായിരുന്നു. കൊവിഡ് ബാധിതരിൽ 15 മുതൽ 30 ദിവസത്തിനുള്ളിലാണ് മ്യുകോർമികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ളത്. എന്നാൽ ഈ നാലു രോഗികളിൽ രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിൽ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടർമാർ പറയുന്നു.
കൊവിഡ് മുക്തരായ 19 ആളുകളിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഫംഗസ് ബാധ കണ്ടെത്തിയെന്ന് ഡോ. അതുൽ പട്ടേൽ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകൾ അമിത തോതിൽ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂർവ ഫംഗസ് ബാധയുണ്ടാകാൻ കാരണമെന്നും അദ്ദേഹം പറയുന്നു.