rbi

 ഇന്നു പുലർച്ചെ 12.30 മുതൽ പ്രാബല്യത്തിൽ

 ആഴ്‌ചയിൽ എല്ലാ ദിവസവും സേവനം ലഭ്യം

മുംബയ്: ഉയർന്ന തുകയുടെ ഇടപാടുകൾ സുരക്ഷിതമായി ഇലക്‌ട്രോണിക് പ്ളാറ്റ്‌ഫോമിലൂടെ അതിവേഗം കൈമാറാവുന്ന റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സേവനം ഇനിമുതൽ ആഴ്‌ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇടപാടുകാർക്ക് പ്രയോജനപ്പെടുത്താം. സേവനം ഇന്ന് പുലർച്ചെ 12.30 മുതൽ പ്രാബല്യത്തിൽ വന്നു.

നേരത്തെ ബാങ്ക് പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ മാത്രമായിരുന്നു ആർ.ടി.ജി.എസ് സേവനം ലഭിച്ചിരുന്നത്. ഇതാണ്, റിസർവ് ബാങ്ക് ആഴ്‌ചയിൽ ഏഴുദിവസവും 24 മണിക്കൂറുമായി മാറ്റിയത്. സേവനം എല്ലാദിവസവും 24 മണിക്കൂറും ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇതോടെ ഇന്ത്യ മാറിയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.

വ്യാപാര-വാണിജ്യ മേഖലയിലുള്ളവർക്ക് പുതിയ നടപടി ഏറെ ഗുണം ചെയ്യും. കുറഞ്ഞത് രണ്ടുലക്ഷം രൂപയാണ് ആർ.ടി.ജി.എസ് വഴി കൈമാറാനാവുക. പരമാവധി തുകയ്ക്ക് പരിധിയില്ല. അതിവേഗം ഇടപാട് നടക്കുമെന്നതിനാൽ ബിസിനസുകാർക്ക്, വൻ നേട്ടമാകും. പണമിടപാടിനായി കാത്തിരിക്കേണ്ടി വരില്ല. റിസർവ് ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടം ആർ.ടി.ജി.എസിന് ഉണ്ടെന്നത് സുരക്ഷയും ഉയർത്തുന്നു.

കഴിഞ്ഞ ഒക്‌ടോബറിലെ ധനനയ പ്രഖ്യാപന വേളയിലാണ് ആർ.ടി.ജി.എസ് 24x7 ലഭ്യമാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞത്. പരമാവധി രണ്ടുലക്ഷം രൂപവരെ ഇലക്‌ട്രോണിക്കായി കൈമാറാവുന്ന നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി) സേവനം കഴിഞ്ഞവർഷം ഡിസംബർ മുതൽ 24x7 ലഭ്യമാണ്.

എന്താണ് ആർ.ടി.ജി.എസ്?

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് നെറ്റ് ബാങ്കിംഗ് മുഖേന വലിയ തുക (കുറഞ്ഞത് രണ്ടുലക്ഷം രൂപ) കൈമാറാവുന്ന സുരക്ഷിത മാർഗമാണ് റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് അഥവാ ആർ.ടി.ജി.എസ്. ഈ സേവനത്തിന് ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്കും ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകളും നിശ്ചിതഫീസ് ഈടാക്കിയിരുന്നു. എന്നാൽ, ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫീസ് ഈടാക്കേണ്ടെന്ന് ബാങ്കുകളോട് പിന്നീട് റിസർവ് ബാങ്ക് നിർദേശിച്ചു.

വലിയ ഇടപാട്

കുറഞ്ഞത് രണ്ടുലക്ഷം രൂപയാണ് ആർ.ടി.ജി.എസ് വഴി കൈമാറാനാവുകയെങ്കിലും കഴിഞ്ഞമാസത്തെ കണക്കുപ്രകാരം ശരാശരി കൈമാറ്റം ചെയ്യപ്പെടുന്നത് 57.96 ലക്ഷം രൂപയാണ്. ആർ.ടി.ജി.എസിന്റെ പ്രസക്തി ഇതു വ്യക്തമാക്കുന്നു.

 2004 മാർച്ച് 26ന് സേവനം ആരംഭിച്ചു; തുടക്കത്തിൽ നാലു ബാങ്കുകളിൽ

 നിലവിൽ 237 ബാങ്കുകളിലായി നടക്കുന്നത് 6.35 ലക്ഷം ഇടപാടുകൾ; മൂല്യം 4.17 ലക്ഷം കോടി രൂപ.

 ഐ.എസ്.ഒ 20022 നിലവാരത്തോടുകൂടിയ മികച്ച പണമിടപാട് പ്ളാറ്റ്‌ഫോമാണ് ആർ.ടി.ജി.എസിന്റേത്.

കറൻസി കൈകാര്യം ചെയ്യാൻ

ജയ്‌പൂരിൽ പുതിയ കേന്ദ്രം

രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരം കൂടുന്നത് കണക്കിലെടുത്ത് ജയ്‌പൂരിൽ റിസർവ് ബാങ്ക് ഓട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസിംഗ് സെന്റർ (എ.ബി.പി.സി) സ്ഥാപിച്ചു. നോട്ട് സ്വീകരിക്കൽ, കരുതൽ, ബാങ്കുകളിലേക്ക് കൈമാറൽ എന്നിവ ഇവിടെ നടക്കും. ഡിജിറ്റൽ ഇടപാടുകൾക്ക് സ്വീകാര്യത കൂടുകയാണെങ്കിലും കറൻസികളുടെ പ്രാചാരവും ഉയരുകയാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.