
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഷരീഫിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 2.21 കോടിയിലധികം രൂപ. പിഎഫ്ഐയുടെ(ക്യാമ്പസ് ഫ്രണ്ട്) ദേശീയ ജനറൽ സെക്രട്ടറി കൂടിയായ റൗഫിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്നുമാണ് ഇഡി പണം കണ്ടെത്തിയത്. ഇതിൽ 31 ലക്ഷം രൂപ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയതാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.
റൗഫ് നിരോധിത സംഘടനയായ 'സിമി'യുടെ പ്രവർത്തകനാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ശനിയാഴ്ചയാണ് റൗഫിനെ ഇഡി തിരുവനന്തപുരം വിമാത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്‍തത്. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു.
ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് മസ്‌കറ്റിൽ നിന്നെത്തിയ റൗഫിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയപ്പോൾ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് വാർത്തയായിരുന്നു.
ഖത്തര്‍, ഒമാന്‍ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നും റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിക്കാനാണ് നോട്ടീസ് നല്‍കിയതെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. അതേസമയം, മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ പേരും അന്വേഷണ ഏജൻസിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സിദ്ധിഖ് കാപ്പന്‍ ഹാഥ്രസില്‍ പോയത് റൗഫിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇതിനായി റൗഫ് പണം നൽകിയിരുന്നുവെന്നുമാണ് ഇഡി പറയുന്നത്.