
ഹൈദരബാദ്: നഗരത്തിലെ രഹസ്യ ലാബില്‍ മയക്കുമരുന്ന് നിര്‍മ്മിച്ച് വിറ്റ രസതന്ത്ര വിദഗ്ദ്ധനെ പിടികൂടി ഡി ആര്‍ ഐ. സ്ഥലത്തു നിന്ന് മൂന്ന് കിലോയോളം മയക്കുമരുന്നും 12.4 ലക്ഷം രൂപയും പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യൂ മ്യൂ എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് ഇയാള്‍ രഹസ്യ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചു വിറ്റത്.
മെഫിഡ്രോണ്‍, 4 മീഥൈല്‍മെഥ്കാത്തിനോണ്‍, 4 മീഥൈല്‍എഫിഡ്രോണ്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഇയാള്‍ സ്വന്തമായി നിര്‍മിച്ചെടുക്കുകയായിരുന്നു. ഇയാളുടെ ലാബില്‍ നിന്ന് മൊത്തം 63.12 ലക്ഷം രൂപ വരുന്ന ലഹരിവസ്തുവാണ് കണ്ടെത്തിയത്. മയക്കുമരുന്നിനു പുറമെ ഇതു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച 219.5 കിലോയോളം അസംസ്‌കൃത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇത് 15 മുതല്‍ 20 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കാന്‍ പര്യാപ്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രസതന്ത്രത്തില്‍ പിഎച്ച്ഡി യോഗ്യതയുള്ള പ്രതി മുന്‍പ് ഒരു മരുന്നു നിര്‍മാണ കമ്പനിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ഹൈദരാബാദ് നഗരത്തോടു ചേര്‍ന്നുള്ള അനധികൃത ലാബില്‍ വെച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറു കിലോയിലധികം ലഹരിമരുന്ന് ഇയാള്‍ നിര്‍മ്മിച്ചു വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബയ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിനു വേണ്ടിയാണ് ഇയാള്‍ ലഹരിമരുന്ന് നിര്‍മ്മിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ വെള്ളിയാഴ്ച ഡി ആര്‍ ഐ അറസ്റ്റ് ചെയ്തു.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം നിരോധിച്ച മയക്കുമരുന്നാണ് മെഫിഡ്രോണ്‍. കോളേജ് വിദ്യാര്‍ഥികളടക്കം വ്യാപകമായി മാനസികോല്ലാസത്തിനായി ദുരുപയോഗം ചെയ്യുന്ന മയക്കുമരുന്നാണിത്. ഡ്രോണ്‍, മ്യൂ മ്യൂ തുടങ്ങിയ പേരുകളിലാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. എം ഡി എം എ, അംഫാറ്റിമൈന്‍, കൊക്കൈന്‍ തുടങ്ങിയവയ്ക്ക് സമാനമായ ഫലം ഉണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.