
ദുബായ്: കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജവിപ്പിക്കാൻ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ദുബായ് ഭരണകൂടം. ഡിസംബർ ആറ് മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ദുബായ് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ജെ.ഡെബ്ല്യു മാരിയറ്റ് ഹോട്ടലിൽ ഒരു രാത്രി സൗജന്യമായി താമസിക്കാനുള്ള അവസരമാണ് എമിറേറ്റസ് ഒരുക്കിയിരിക്കുന്നത്. ദുബായ് ടൂറിസം ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ് എമിറേറ്റ്സ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
എമിറേറ്റ്സ് എയർലൈനിന്റെ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ഒരു രാത്രിയും ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസുകാർക്ക് രണ്ട് രാത്രിയും ഹോട്ടലിൽ സൗജന്യമായി താമസിക്കാം.
പദ്ധതിക്ക് ഷോപ്പിംഗ് ഫെസ്റ്റിവൽ കാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ജെ.ഡെബ്ല്യു മാരിയറ്റ് ഹോട്ടലിന് സ്വന്തമായി ഷോപ്പിംഗ് ഗലേറിയ ഉണ്ട്. കൂടാതെ ദുബായ് മാൾ, ബുർജ് ഖലീഫ, ദുബായ് ഓപ്പറ തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകൾ സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൾട്ടി - റിസ്ക് ട്രാവൽ ഇൻഷുറൻസും കൊവിഡ് കവറും എമിറേറ്റ്സ് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, യാത്രാ തീയതി മാറിയാൽ ടിക്കറ്റിന്റെ സാധുത രണ്ട് വർഷം വരെ നീട്ടാനും ടിക്കറ്റ് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനുമുള്ള അവസരവുമുണ്ട്. സൗജന്യ താമസം ലഭിക്കുന്നതിനായി EmiratesOffer@emirates.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം. സ്വന്തം വിമാനടിക്കറ്റ് നമ്പറിനൊപ്പം സഹയാത്രികരുടെ വിവരങ്ങൾ, ഫോൺ നമ്പർ, ഇ - മെയിൽ എന്നിവയും നൽകണം. കൊവിഡ് മൂലം ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന വേൾഡ് എക്സ്പോ അടുത്ത വർഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.