
ശബരിമല സംഭവം വിഷയമാക്കിയ പോസ്റ്റർ സ്ത്രീവിരുദ്ധമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. താൻ കണ്ട പോസ്റ്റർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചുകൊണ്ടാണ് അവർ ഇക്കാര്യം പറഞ്ഞത്. സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങൾ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ടെന്നും അഭിമാനികളായ സ്ത്രീകളെ അപമാനിക്കാനും ഇനിയാകില്ലെന്നും അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. പോസ്റ്റർ പതിച്ചത് സംഘപരിവാർ തന്നെ ആവണമെന്നില്ലെന്നും അത് ചെയ്തത് കോൺഗ്രസും ആവാമെന്നും അവർ ആരോപിക്കുന്നുണ്ട്. ഒപ്പം തനിക്ക് നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചുവെന്നും ബിന്ദു അമ്മിണി കുറിപ്പിൽ പറയുന്നു.
കുറിപ്പ് ചുവടെ:
'എന്റെ പ്രദേശത്ത് പതിപ്പിച്ചിട്ടുളള പോസ്റ്ററാണ്. ഇരുട്ടിന്റെ മറവിൽ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഈ പോസ്റ്റർ പതിച്ചത് സംഘ പരിവാർ തന്നെ ആവണമെന്നില്ല, കോൺഗ്രസ്സും ആവാം. ആരായാലും സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങൾ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ട.
ഈ കേരളത്തിൽ മാറുമറയ്ക്കാൻ സമരം നടത്തി വിജയിച്ചവരാണ് , മീശ വയ്ക്കാൻ സമരം നടത്തേണ്ടി വന്നവരാണ്, വഴി നടക്കാൻ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഇതൊന്നും ആരുടേയും ഔദാര്യമല്ല. അവകാശപ്പോരാട്ടത്തിലൂടെ നേടിയതാണ്. നമ്പൂതിരിയുടെ കിടപ്പറയിലേക്ക് ഭാര്യയേയും പെങ്ങളേയും തള്ളിവിട്ട് കാവൽ നിന്നവർക്ക് വീണ്ടും ആ സംസ്കാരം തിരികെപ്പിടിയ്ക്കാൻ പൂതിയുണ്ടാവും. അവരാണ് അഭിസാരകൻമാർ.
സ്ത്രീയെ വിറ്റ് ജീവിച്ചവർ ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഇറക്കും. എന്നാൽ അഭിമാനികളായ സ്ത്രീകളെ ചൂഷണം ചെയ്യാനും അപമാനിക്കാനും ഇനിയാവില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ, ജാതി വെറി തിരികെ കൊണ്ടുവരുന്നതിനെതിരെ, ആദിവാസികളും, ദളിതരും, മതന്യൂനപക്ഷങ്ങളും , സ്ത്രീകളും ഒറ്റക്കെട്ടായ് സംഘ പരിവാറിനെതിരെ വോട്ടു ചെയ്യും, സംഘപരിവാറിന് ഒത്താശ ചെയ്യുന്ന കോൺഗ്രസ്സ് വലത് കക്ഷികൾക്കെതിരെ വോട്ട് ചെയ്യും.
എന്റെ വോട്ട് സംഘ പരിവാറിനെതിരെ.
NB :സംഘപരിവാരത്തിന് ഒത്താശ ചെയ്തു കൊണ്ട് ഇന്ന് 2 മണിയ്ക്ക് എനിക്ക് നല്കിയ പോലീസ് സുരക്ഷ വീണ്ടും പിൻവലിച്ചു. സുപ്രീം കോടതി വിധിയ്ക്ക് പുല്ലുവില.'