drugs

ഹൈദരാബാദ്: നഗരത്തിലെ രഹസ്യലാബിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുണ്ടാക്കി വിറ്റ രസതന്ത്ര ഗവേഷകനെ ഡിപ്പാർട്ട്മെന്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈമാറ്റത്തിനിടെയാണ് രസതന്ത്രത്തിൽ പി.എച്ച്ഡി നേടിയ ശ്രീനിവാസ റാവു (45) അറസ്റ്റിലായത്. മ്യൂ മ്യൂ എന്നറിയപ്പെടുന്ന മെഫിഡ്രോണാണ് ഇയാൾ രഹസ്യലാബിൽ നിർമിച്ച് വില്പന നടത്തിയത്. റാവുവിന്റെ കൈയിൽ നിന്ന് 63.12 ലക്ഷം രൂപ വിലവരുന്ന 3.156 കിലോഗ്രാം മെഫിഡ്രോണും പിടികൂടി.

പിന്നാലെ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 12.40 ലക്ഷം രൂപയും 112 ഗ്രാം മയക്കുമരുന്നും കണ്ടെത്തി.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ലാബിൽ നിന്നും മയക്കുമരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന 219.5 കിലോയോളം അസംസ്‌കൃത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ഈ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് 15 മുതൽ 20 കിലോഗ്രാം വരെ മയക്കുമരുന്ന് നിർമിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

റാവു മുമ്പ് ഒരു മരുന്ന് നിർമാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരു വർഷത്തിനിടെ നൂറു കിലോയിലധികം മയക്കുമരുന്ന് ഇയാൾ നിർമിച്ചുവിറ്റിട്ടുണ്ട്. മുംബയ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രധാന സൂത്രധാരൻ ഉൾപ്പെടെ രണ്ട് പേരെ വെള്ളിയാഴ്ച ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു.

1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം നിരോധിച്ച മയക്കുമരുന്നാണ് മെഫിഡ്രോൺ.