
സീസണിലെ അഞ്ചാം മത്സരത്തിലും ജയിക്കാനാവാതെ കേരള ബ്ളാസ്റ്റേഴ്സ്
ഇന്നലെ ബെംഗളുരു എഫ്.സി 4-2ന് ബ്ളാസ്റ്റേഴ്സിനെ തകർത്തുവിട്ടു
മഡ്ഗാവ് : സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ജയിക്കാൻ കഴിയാതെ നാണംകെട്ട് കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ബെംഗളുരു എഫ്.സിയോട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വെള്ളക്കുപ്പായത്തിലിറങ്ങിയ മഞ്ഞപ്പട തോറ്റമ്പിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ച് ആദ്യ പകുതിയിൽ 1-1ന് സമനിലയിൽ നിന്നശേഷമാണ് മത്സരം ബ്ളാസ്റ്റേഴ്സിന്റെ കൈവിട്ടുപോയത്. രണ്ടാം പകുതിയിലെ 14 മിനിട്ടിനിടയിൽ മൂന്ന് ഗോളുകൾ ബെംഗളുരു ബ്ളാസ്റ്റേഴ്സിന്റെ വലയിൽ നിക്ഷേപിച്ചപ്പോൾ ഒരെണ്ണം തിരിച്ചടിക്കാനായെങ്കിലും മത്സരത്തിലെ സ്വാധീനം നഷ്ടമായിരുന്നു.
17-ാം മിനിട്ടിൽ മലയാളി താരം കെ.പി രാഹുലിന്റെ ഗോളോടെ ബ്ളാസ്റ്റേഴ്സാണ് സ്കോർ ബോർഡ് തുറന്നത്. ഗാരി ഹൂപ്പറിന്റെ നിസ്വാർത്ഥമായ ഒരു പാസിൽ നിന്നാണ് രാഹുൽ സ്കോർ ചെയ്തത്.എന്നാൽ 29-ാം മിനിട്ടിലെ ലാൽറുത്തുവാരയുടെപ്രതിരോധപ്പിഴവിൽ നിന്ന് ക്ളെയ്റ്റൺ സിൽവ സമനില പടിച്ചു. ഇടവേളയ്ക്ക് പിരിയുവോളം ഇരുകൂട്ടരും പിന്നെ സ്കോർ ചെയ്തില്ല.
48-ാം മിനിട്ടിൽ ബെംഗളുരു നായകൻ സുനിൽ ഛെത്രി പെനാൽറ്റി പാഴാക്കിയെങ്കിലും ബ്ളാസ്റ്റേഴ്സിന് ആശ്വസിക്കാൻ അധികനേരമുണ്ടായിരുന്നില്ല. 51-ാം മിനിട്ടിൽ ഒപ്സേത്തിലൂടെയാണ് ബെംഗളുരു ലീഡെടുത്തു. മലയാളിതാരം ആഷിഖ് കുരുണിയനാണ് ഈ ഗോളിന് വഴിയൊരുക്കിയത്. രണ്ട് മിനിട്ടിനകം ഡിമാസിലൂടെ വീണ്ടും സ്കോർ ചെയ്ത ബെംഗളുരു 3-1ന് മുന്നിലെത്തി. 61-ാംമിനിട്ടിൽ വിൻസെന്റെ ഗോമസിലൂടെ ബ്ളാസ്റ്റേഴ്സ് ഒരു ഗോൾകൂടി നേടിയെങ്കിലും 66-ാം മിനിട്ടിലെ ഛെത്രിയുടെ ഹെഡർ ഗോൾ ബ്ളാസ്റ്റേഴ്സിന്റെ പെട്ടിയിലെ അവസാനത്തെ ആണിയുമടിച്ചു.
ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളിൽ 9 പോയിന്റായ ബെംഗളുരു നാലാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നാം തോൽവി വഴങ്ങിയ ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്.
ചെന്നൈയിന് ഗോളില്ലാ സമനില
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സീസണിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ക്ളബുകളിലൊന്നാണ് നോർത്ത് ഈസ്റ്റ്.മറ്റൊരു ക്ളബ് ഹൈദരാബാദ് എഫ്.സിയാണ്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായി നോർത്ത് ഈസ്റ്റ് ഇറങ്ങിയപ്പോൾ ചെന്നൈയിൻ രണ്ട് മാറ്റങ്ങൾ വരുത്തി. ആദ്യ മിനിട്ടിൽത്തന്നെ ചെന്നൈയിൻ ആക്രമണത്തിന് ഒരുമ്പെട്ടു.യാക്കൂബ് സിൽവസ്റ്ററിൽ നിന്ന് ലഭിച്ച ഒരു ലോംഗ്ബാൾ ലാലിയൻസുവാല തൊടുത്തത് നോർത്ത് ഈസ്റ്റ് ഗോളി ഗുർമീന്ദർ തട്ടിയകറ്റുകയായിരുന്നു.അഞ്ചാം മിനിട്ടിൽ എഡ്വിൻ വൻസ്പോളിനും ചെന്നൈയിനെ മുന്നിലെത്തിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല.
18-ാം മിനിട്ടിലാണ് നോർത്ത് ഈസ്റ്റിന് ആദ്യ അവസരം ലഭിച്ചത്.പക്ഷേ ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന ബെഞ്ചമിൻ ലംബോട്ടിന്റെ ഹെഡർ പുറത്തേക്കാണ് പോയത്. 38-ാംമിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് അവർക്ക് ലഭിച്ച അവസരവും ക്രോസ്ബാറിന് പുറത്തേക്കാണ് പാഞ്ഞത്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും വാശിയോടെയാണ് കളിതുടങ്ങിയത്. 55-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി സുഹൈർ ഇടതുഫ്ളാങ്കിൽ നിന്ന് നൽകിയ ക്രോസ് പക്ഷേ സില്ല ബാറിന് മുകളിലേക്കടിച്ചുകളഞ്ഞു. 66-ാം മിനിട്ടിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഏറ്റവും മികച്ച ചാൻസ് ലഭിച്ചത്.ചെന്നൈയിൻ പ്രതിരോധത്തെ വകഞ്ഞുമാറ്റി പകരക്കാരൻ റൊച്ചാർസേല കൊണ്ടുവന്ന് നൽകിയ പന്തിലെ സില്ലയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കുപോയത്.
ആറുമത്സരങ്ങളിൽ നോർത്ത് ഈസ്റ്റിന്റെ നാലാം സമനിലയാണിത്. രണ്ട് വിജയങ്ങളും നേടിയ നോർത്ത് ഈസ്റ്റ്10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.അഞ്ചുപോയിന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും.
ഇന്നത്തെ മത്സരം
മുംബയ് സിറ്റി Vs ജംഷഡ്പൂർ എഫ്.സി
(രാത്രി 7.30 മുതൽ )