
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച വില്പനമാന്ദ്യത്തിൽ നിന്ന് ആഭ്യന്തര വാഹന വിപണി കരകയറുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൂടുതൽ ഫാക്‌ടറികളും ഷോറൂമുകളും തുറന്നത് ഉത്‌പാദനം ഉഷാറാക്കുകയായിരുന്നു. ഉത്സവകാല റീട്ടെയിൽ ഡിമാൻഡും കരുത്തായി.
കഴിഞ്ഞമാസം ഫാക്‌ടറികളിൽ നിന്ന് ഷോറൂമുകളിലേക്കുള്ള പാസഞ്ചർ വാഹനങ്ങളുടെ വില്പന (ഹോൾസെയിൽ വില്പന) 4.6 ശതമാനം വർദ്ധിച്ചെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. 2019 നവംബറിലെ 2.53 ലക്ഷത്തെ അപേക്ഷിച്ച് 2.64 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങളാണ് (കാറുകൾ) കഴിഞ്ഞമാസം വിറ്റുപോയത്.
ടൂവീലർ വില്പന 14.10 ലക്ഷം യൂണിറ്റുകളിൽ നിന്നുയർന്ന് 16 ലക്ഷം യൂണിറ്റുകളിലെത്തി; വളർച്ച 13.43 ശതമാനം. മോട്ടോർസൈക്കിളുകളുടെ (ബൈക്ക്) വില്പന 8.93 ലക്ഷത്തിൽ നിന്ന് 10.26 ലക്ഷമായി വർദ്ധിച്ചു; 14.9 ശതമാനമാണ് നേട്ടം. സ്‌കൂട്ടറുകളുടെ വില്പന നേട്ടം 9.29 ശതമാനമാണ്. പുതുതായി 5.02 ലക്ഷം സ്‌കൂട്ടറുകൾ നവംബറിൽ ഷോറൂമുകളിലെത്തി. 2019 നവംബറിൽ ഇത് 4.59 ലക്ഷമായിരുന്നു.
പാസഞ്ചർ വാഹനങ്ങൾ, ടൂവീലറുകൾ, ത്രീവീലറുകൾ, ക്വാഡ്രിസൈക്കിൾസ് എന്നിവയുടെ സംയുക്ത വില്പന കഴിഞ്ഞമാസം 18.88 ലക്ഷം യൂണിറ്റുകളാണ്; 2019 നവംബറിൽ വില്പന 17.19 ലക്ഷമായിരുന്നു. ഇക്കുറി വളർച്ച 9.83 ശതമാനം. അതേസമയം, ത്രീവീലർ വില്പന 57.64 ശതമാനം കുറയുകയാണുണ്ടായത്. 55,778 യൂണിറ്റുകളിൽ നിന്ന് 23,626 യൂണിറ്റുകളിലേക്കാണ് ഇടിവ്. കഴിഞ്ഞമാസം മൊത്ത വാഹന ഉത്പാദനം 22.58 ലക്ഷം യൂണിറ്റുകളിൽ നിന്ന് 1.7 ശതമാനം മെച്ചപ്പെട്ട് 22.96 ലക്ഷത്തിലെത്തിയെന്നും സിയാം വ്യക്തമാക്കി.
നവംബറിന്റെ നേട്ടം
പാസഞ്ചർ വാഹനം : 4.6%
ടൂവീലർ : 13.43%
മോട്ടോർസൈക്കിൾ : 14.9%
സ്‌കൂട്ടർ : 9.29%
ത്രീവീലർ : -57.64%