wedding-feast

കൊവിഡിന്റെ വരവോടെ നിറം മങ്ങിയ ഒന്നാണ് വിവാഹങ്ങള്‍. വിഭവ സമൃദ്ധമായ സദ്യയും കൊടുത്ത് നടത്തേണ്ട കല്യാണം കൊവിഡ് ആയതോടെ 50 പേരിലേക്കാക്കി ചുരുക്കാന്‍ നാം നിര്‍ബന്ധിതരായി. പലരും വിവാഹം ലൈവ് സ്ട്രീം ചെയ്യുകയാണ്. പക്ഷെ സദ്യയുടെ കാര്യത്തില്‍ എന്ത് ചെയ്യും? വിഭവസമൃദ്ധമായ സദ്യ കഴിക്കാതെ എന്ത് വിവാഹം എന്ന് പരിതപിക്കുന്നവര്‍ ഏറെയാണ്.

അതേസമയം, ചെന്നൈയിലെ ഒരു പിതാവിന് തന്റെ മകന്റെ കല്യാണം 'കൊവിഡ് കല്യാണം' ആക്കി ചുരുക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കല്യാണം ലൈവ് സ്ട്രീം ചെയ്യാം എന്ന് തീരുമാനിച്ചെങ്കിലും ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ എന്ത് ചെയ്യും എന്ന സംശയം ഉണ്ടായപ്പോള്‍ ആണ് ഹോം ഡെലിവറി ചെയ്യാം എന്ന ആശയം ഉണ്ടായത്. ആദ്യം നടപ്പുള്ള സംഭവമല്ല എന്ന് തോന്നിയെങ്കിലും തീരുമാനിച്ചുറപ്പിച്ചതോടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് വീട്ടു പടിക്കല്‍ വിഭവസമൃദ്ധമായ സദ്യയെത്തി, അതും ഭംഗിയുള്ള പാക്കിങ്ങില്‍.


ശിവപ്രകാശ്, മഹതി എന്നിവരുടെ വിവാഹത്തിനാണ് കല്യാണ സദ്യ ഹോം ഡെലിവറി ചെയ്തത്. കല്യാണ ക്ഷണക്കത്തില്‍ ഡിസംബര്‍ 10-ന് നടന്ന വിവാഹം തത്സമയം കാണാനുള്ള ലിങ്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും താഴെയായി '10-ാം തീയതി (വിവാഹ ദിവസം) നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്ന സദ്യ ആസ്വദിച്ചു വധു വരന്മാരെ ഓണ്‍ലൈന്‍ ആയി അനുഗ്രഹിക്കണം' എന്ന ഭാഗം പലര്‍ക്കും പുതുമ ആയിരുന്നു.

കൃത്യം ഉച്ച സമയത്ത് ചുവന്ന നിറത്തിലുള്ള പാക്കില്‍ സദ്യ ക്ഷണിക്കപ്പെട്ടവരുടെ വീടുകളില്‍ എത്തി. ഒപ്പം സദ്യ വിളമ്പാനുള്ള വാഴയിലയും, ഓരോ കറികളും ഇലയുടെ ഏതു ഭാഗത്ത് ക്രമീകരിക്കണം എന്ന നിര്‍ദ്ദേശം അടങ്ങുന്ന ലഘുലേഖ അടക്കമാണ് സദ്യ എത്തിയത്. സാമ്പാര്‍, രസം, പുളി സാധനം, പായസം, ഖീര്‍ എന്നിങ്ങനെ എല്ലാമടങ്ങുന്ന കേമന്‍ സദ്യയാണ് വീടുകളില്‍ എത്തിയത്.


ആരുസുവൈ അരസ് കാറ്ററേഴ്‌സ് തയ്യാറാക്കിയ സദ്യ ടെക്‌നോളജി ലോജിസ്റ്റിക്‌സ് സ്ഥാപനമായ യുനാനു ടെക്‌നോളോജിസ് ആണ് വീടുകളില്‍ എത്തിച്ചത്. യുനാനു ടെക്‌നോളോജിസ് ഉടമ ശ്രീനിവാസന്‍ സുന്ദരരാജന്‍ വിവാഹം നടത്തുന്ന കുടുംബത്തിന്റെ അടുത്ത സുഹൃത്താണ്. ഇതാണ് ഇരു കൂട്ടരെയും ഭക്ഷണം ഡെലിവറി ചെയ്താലോ എന്ന ആശയത്തിലേക്ക് നയിച്ചതും ഉദ്യമം വിജയകരമായി പൂര്‍ത്തീകരിച്ചതും.