shikkara

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി പ്രവർത്തകർ സഞ്ചരിച്ച ശിക്കാര വള്ളം ദാൽ തടാകത്തിൽ മുങ്ങി. ജില്ല വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി ഞായറാഴ്ച സംഘടിപ്പിച്ച ശിക്കാര റാലിയ്ക്കിടെയാണിത്. നാല് ബി.ജെ.പി. പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും സഞ്ചരിച്ച ശിക്കാരയാണ് മറിഞ്ഞത്.

ഇവരെ തദ്ദേശവാസികളും ജമ്മു കാശ്മീർ പൊലീസും ദുരന്ത പ്രതികരണ സേനയും ചേർന്നാണ് രക്ഷിച്ചത്.

ചാർ ചിനാരിക്ക് സമീപം 17-ാം ഘട്ടിനു സമീപം തീരത്തേക്ക് അടുക്കാറായപ്പോഴാണ് ശിക്കാര മുങ്ങിയത്.

തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനാണ്. അദ്ദേഹമാണ് റാലിക്ക് നേതൃത്വം നൽകിയിരുന്നത്. പ്രാദേശിക നേതാക്കളായ സോഫി യൂസുഫ്,​ അൽതാഫ് ഠാക്കൂർ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തിരുന്നു.