farmers-protest

ന്യൂഡൽഹി: രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കർഷക സമരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ച് പി.ഡി.പി അദ്ധ്യക്ഷൻ അബ്‌ദുൾ നാസർ മദനി. നേരത്തെ തന്നെ കർഷക സമരത്തിന് പിന്തുണ അറിയിച്ചിരുന്ന മദനി ഇപ്പോൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. 'അന്നം വിളയിപ്പിക്കുന്നവർക്ക് ഐക്യദാർഢ്യം! ജിയോ ബഹിഷ്കരിക്കുക' എന്ന കുറിപ്പാണ് തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കാർഷിക ബില്ലുകൾക്കെതിരെയുളള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുളള കർഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞു. മാർച്ച് തടയാൻ പൊലീസിനൊപ്പം അർദ്ധസൈനികരെയും ഹരിയാന സർക്കാർ സംസ്ഥാന അതിർത്തിയായ ഷാജഹാൻപൂരിൽ നിയോഗിച്ചിരുന്നു. റോഡിൽ പടുകൂറ്റൻ കോൺക്രീറ്റ് ബീമുകളും സ്ഥാപിച്ചിരുന്നു.

മാർച്ച് തടഞ്ഞതിനെ തുടർന്ന് കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്ത് സംഭവിച്ചാലും പിന്തിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഹരിയാന അതിർത്തിവരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച് എത്തിയത്. അതിനിടെ പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെയുളള കൂടുതൽ കർഷകർ അതിർത്തിയിലെത്തിയിട്ടുണ്ട്.