
ഭോപ്പാൽ: ജാതീയമായ പരാമർശം നടത്തി വീണ്ടും വിവാദത്തിൽ പെട്ട് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ. ശൂദ്രരെ ആ പേര് പറഞ്ഞ് വിളിച്ചാൽ അവർക്കത് മോശമായി തോന്നേണ്ടതില്ലെന്നായിരുന്നു എംപിയുടെ വാക്കുകൾ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു അവർ ഈ വിവാദ പരാമർശം നടത്തിയത്. അങ്ങനെ വിളിക്കുമ്പോൾ ശൂദ്രർ അത് മോശമായി എടുക്കുന്നത് അവർക്ക് അക്കാര്യം മനസിലാകാത്തത് കൊണ്ടാണെന്നും പ്രഗ്യ പറഞ്ഞു. സാമൂഹികമായ ഘടനയ്ക്കായാണ് പുരാതന മത ഗ്രന്ഥങ്ങളിൽ ജാതിവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തതെന്നും പ്രഗ്യ പറയുന്നു.
'ഒരു ക്ഷത്രിയനെ ക്ഷത്രിയനെന്ന് നമ്മൾ വിളിച്ചാൽ അത് മോശമായി എടുക്കില്ല. ബ്രാഹ്മണനെ അങ്ങനെ വിളിച്ചാലും അത് മോശമായി തോന്നില്ല. വൈശ്യനെ അത്തരത്തിൽ സംബോധന ചെയ്‌താൽ വൈശ്യനും അത് മോശമായി തോന്നില്ല. പക്ഷെ ഒരു ശൂദ്രനെ അങ്ങനെ വിളിക്കുകയാണെങ്കിൽ അത് മോശമായി തോന്നും. ഇതിനുള്ള കാരണം എന്താണ്? കാരണം, അവർക്കത് മനസിലാകുന്നില്ല.'-ഇങ്ങനെയായിരുന്നു പ്രഗ്യയുടെ വാക്കുകൾ. വാർത്താ ഏജൻസിയായ എഎൻഐ ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.
#WATCH | Kshatriya ko kshatriya keh do, bura nahi lagta. Brahmin ko brahmin keh do, bura nahi laga. Vaishya ko vaishya keh do, bura nahi lagta. Shudra ko shudra keh do, bura lag jata hai. Kaaran kya hai? Kyunki samajh nahi paate: BJP MP Pragya Singh Thakur in Sehore, MP (12.12) pic.twitter.com/CbCctxmACp— ANI (@ANI) December 12, 2020
അതേസമയം, പശ്ചിമ ബംഗാളിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നും അതോടെ ബംഗാൾ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നുമുള്ള പ്രഗ്യാ സിംഗ് ഠാക്കൂർ നേരത്തെ നടത്തിയ പരാമർശം വിവാദമായിരുന്നു. ബംഗാൾ സന്ദർശനത്തിനിടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദത്തിന് പ്രഗ്യ തുടക്കമിട്ടിരിക്കുന്നത്. 'അവരുടെ ഭരണം അവസാനിക്കുമെന്ന് അറിഞ്ഞതിനാൽ മമത നിരാശയിലാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും. പശ്ചിമ ബംഗാളിൽ ഹിന്ദു രാജ് ഉണ്ടാക്കും'- പ്രഗ്യ പറഞ്ഞു.