
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 72,627,682 കടന്നു. അഞ്ചുകോടിയലധികം പേർ രോഗമുക്തി നേടിയപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,18486 ആയി. രണ്ടുകോടിയിലധികംപേർ നിലവിൽ ചികിത്സയിലാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ യഥാക്രമം അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്.
ഇന്ത്യയിൽ ഇതുവരെ 9,884,716 പേർക്ക് രോഗം ബാധിച്ചു. 9,387,608 പേർ രോഗമുക്തി നേടിയപ്പോൾ, മരണസംഖ്യ 143,393 ആയി ഉയർന്നു. ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരിയിൽ ആരംഭിച്ചേക്കുമെന്ന് സീറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. ഓക്സ്ഫോഡ് സർവകലാശാലയും അസ്ട്രാസെനെകയും സംയുക്തമായി നിർമ്മിക്കുന്ന വാക്സിന്റെ അവസാനഘട്ട പരീക്ഷണം തുടരുകയാണ്. ഈ മാസം അവസാനത്തോടെ വാക്സിന് 'അടിയന്തര ഉപയോഗത്തിനുള്ള' അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം.
2021 ഒക്ടോബറോടെ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ നൽകാനാകുമെന്നും ഒക്ടോബറിന് ശേഷം ഇന്ത്യയിൽ സാധാരണ ജനജീവിതം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പൂനവാല വ്യക്തമാക്കി.