
കണ്ണൂർ: എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ ചെയ്‌തുകൊടുത്ത സഹായത്താൽ ഞങ്ങളെയൊന്ന് ചെറിയതോതിൽ ക്ഷീണിപ്പിക്കാമെന്നും, ഒന്നുലയ‌്ക്കാമെന്നുമൊക്കെയുള്ള പ്രതീക്ഷ ചിലർക്കുണ്ടായിരുന്നു. പക്ഷേ പതിനാറാം തീയതി വോട്ട് എണ്ണുമ്പോൾ മനസിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും. ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ-
'എൽഡിഎഫിന്റെ വിജയത്തോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെന്നാണെങ്കിൽ അവർക്ക് കടക്കാം. ഇതുവരെ വോട്ട് ചെയ‌്തവരെല്ലാം വലിയ രീതിയിലുള്ള പിന്തുണയാണ് എൽഡിഎഫിന് നൽകിയിട്ടുള്ളത്. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ല എന്ന് കണക്കാക്കിയ ചില പ്രദേശങ്ങളുണ്ടായിരുന്നു. അതുപോലും ഞങ്ങളുടെതായി മാറാൻ പോവുകയാണ്. അതാണ് ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എൽഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്'. ജനങ്ങൾ കള്ളങ്ങളോടും, നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തിരഞ്ഞെടുപ്പിൽ കാണാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊവിഡ് വാക്‌സിൻ സൗജന്യപ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ- 'വെറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് അവർ ഇതു വിളിച്ചുപറയുന്നത്. കേരളത്തിൽ മാത്രമാണ് കൊവിഡിനെതിരായ ചികിത്സ മുഴുവൻ സൗജന്യമായിട്ടുള്ളത്. അങ്ങനെയുള്ള കേരളത്തിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പൈസയുടെ കുത്തിവയ‌്പ്പ്, ആ പൈസയിങ്ങ് പോരട്ടേയെന്ന് സംസ്ഥാനം വയ‌്ക്കോ? ഇതിലൊന്നും ഒരുപെരുമാറ്റച്ചട്ടലംഘനവുമില്ല.
ഈ സർക്കാരിനെതിരെ ഇങ്ങനെയെല്ലാം വിളിച്ചുപറയുന്നതിൽ ആത്മരോഷം പൂണ്ടാണ് ജനങ്ങൾ വോട്ട് ചെയ്യാൻ വരുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി; മുസ്ളിം ലീഗിന്റെ അടിത്തറ തകരുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് വിമർശിച്ചു. ഭാര്യ കമല ടീച്ചർ, മക്കളായ വീണ, വിവേക് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്.