
വീടിന് മുന്നിലുള്ള മെയിൽ ബോക്സ് തുറന്നപ്പോൾ കിട്ടിയ പോസ്റ്റ് കാർഡ് കണ്ട് ബ്രിഡ്നി കീച്ച് എന്ന യുവതി അന്തംവിട്ടുപോയി! കാരണം, അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇങ്ങനെയൊരു സന്ദേശം ലഭിക്കുമെന്ന്. അൽപ്പം പഴക്കം ചെന്ന പോസ്റ്റ് കാർഡാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കിയ ബ്രിഡ്നി, മങ്ങിയ പോസ്റ്റ് കാർഡിൽ ഒട്ടിച്ചിട്ടുള്ള സ്റ്റാമ്പിലെ തീയതി കണ്ടപ്പോൾ ശരിക്കും അമ്പരന്നു; 1920 ഒക്ടോബർ 29 എന്ന് മങ്ങിയ പച്ച മഷികൊണ്ട് എഴുതിയിരിക്കുന്നു.
സെപ്തംബർ എട്ടിനാണ് ബ്രിഡ്നിക്ക് കത്ത് ലഭിക്കുന്നത്. കത്തിന്റെ മുൻവശത്ത് ഹാലോവീൻ ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഒരു കറുത്ത പൂച്ചയും മത്തങ്ങയും മൂങ്ങയ്ക്കൊപ്പം ചൂലും പിടിച്ച് നിൽക്കുന്ന മന്ത്റവാദിയുമാണ് ചിത്രത്തിലുള്ളത്. Witch "would you rather be . . . a goose or a pumpkin head?" എന്ന കുറിപ്പുമുണ്ട്.
മിസ്സിസ് റോയ് മക്ക് ക്വീൻ എന്നയാളുടെ അഡ്രസാണ് കത്തിലുണ്ടായിരുന്നത്. ഇനി കത്തിന്റെ ഉള്ളടക്കം നോക്കാം. 'ഡിയർ കസിൻ, ഞങ്ങൾ സുഖമായി ഇരിക്കുന്നു. പക്ഷേ അമ്മയ്ക്ക് മുട്ടുവേദന കൂടിയിട്ടുണ്ട്. ഇവിടെ കൊടും തണുപ്പാണ്'. എന്നാണ് കത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത്. വിശേഷങ്ങളെല്ലാം പറഞ്ഞ ശേഷം ഒടുവിൽ മറുപടി എഴുതാൻ മറക്കരുത് എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. കത്ത് വായിച്ച് കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് തോന്നിയതെന്ന് ബ്രിഡ്നി പറയുന്നു. കത്തിന്റെ ഉടമയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും ബ്രിഡ്നി തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ് ബുക്കിൽ ബ്രിട്ടനി കത്തും കത്തിലെ അഡ്രസും പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ആയിരക്കണക്കിന് ഷെയറുകളാണ് ഈ കത്തിന് ലഭിച്ചത്.
നൂറ് വർഷം മുമ്പ് പോസ്റ്റ് ചെയ്ത കത്ത് എങ്ങനെയാണ് ബ്രിഡ്നിയുടെ മെയിൽ ബോക്സിൽ എങ്ങനെയാണ് എത്തിപ്പെട്ടത് എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല.
എന്തായാലും, അത് ഒരു നിയോഗമായിട്ടാണ് യുവതി കരുതുന്നത്.
ബ്രിട്ടനിയെ സഹായിക്കാൻ സ്ഥലത്തെ പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനായ റോബി പീറ്റേഴ്സും രംഗത്തെത്തിയിട്ടുണ്ട്. കത്തിൽ പറയുന്ന റോയ് മക്ക് ക്വീൻ കാനഡക്കാരിയാണെന്നാണ് റോബിയുടെ കണ്ടെത്തൽ.
ചുരുളഴിയാത്ത രഹസ്യം...
1887ൽ കാനഡയിൽ നിന്ന് യു.എസിൽ എത്തിയതാണ് റോയ് മക്ക് ക്വീൻ. കത്ത് അയച്ച കാലയളവിൽ റോയ് നോറ മുർഡോക്ക് എന്നയാളെ വിവാഹം ചെയ്തിരുന്നു. നോറയുടെ സഹോദരിയുടെ മകളായ ഫ്ളോസി ആയിരിക്കും കത്തെഴുതിയത് എന്നാണ് കരുതുന്നത്.
സെൻസസ് രേഖകളും മരണ രേഖകളും വിവാഹ രേഖകളും എന്നിങ്ങനെ കണ്ടെത്താവുന്ന പരമാവധി രേഖകൾ പരിശോധിച്ചാണ് റോബി പീറ്റേഴ്സ് ഇത്രയും വിവരങ്ങൾ കണ്ടെത്തിയത്. കത്തിൽ പറയുന്ന പേരുകളും സ്ഥലങ്ങളും വച്ചായിരുന്നു അന്വേഷണം . അതിനാൽ അന്വേഷണം എളുപ്പമായെന്ന് റോബി പറയുന്നു. ഇതിനകം റോയ് മക്ക് ക്വീന്റെ ഒരു ഫാമിലി ട്രീയും റോബി നിർമിച്ചിട്ടുണ്ട്. തനിക്ക് ലഭ്യമായ രേഖകൾ ശരിയാണെങ്കിൽ റോയിക്കും നോറയ്ക്കും കുട്ടികൾ ഇല്ലെന്നാണ് കരുതുന്നത്. ഫോസീ അവിവാഹിതയായിരുന്നിരിക്കാമെന്നും റോബി പറയുന്നു. അതുകൊണ്ടു തന്നെ ഇവരുടെ പിന്തുർച്ചക്കാരെ കണ്ടെത്താൻ കഴിയില്ല.
ബ്രിട്ടനിയെ സഹായിക്കാൻ ഷെറിൽ അക്കർമാൻ എന്ന സ്ത്രീയും രംഗത്തെത്തിയിട്ടുണ്ട്. റോബിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഷെറിലിന്റെ അന്വേഷണവും. റോയ് മക്ക് ക്വീന്റെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് ഈ സംഘം. എന്തായാലും, അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ക്ളൈമാക്സിലെത്തുമ്പോഴും ബാക്കി നിൽക്കുന്ന അദ്യചോദ്യം തന്നെയാണ്, 100 വർഷം മുമ്പ് അയച്ച കത്ത് എങ്ങനെ ബ്രിഡ്നിയുടെ മെയിൽ ബോക്സിൽ എത്തി എന്നത്!