
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയത്.
സ്വർണമിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരുമെന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻ ഐ എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്‌തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചാണ് ഒട്ടുമിക്ക സ്വർണക്കടത്തുകളും സംസ്ഥാനത്ത് നടത്തുന്നത്.