
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം എൽ ഡി എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാകുമെന്ന് സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പതിമൂന്ന് ജില്ലകളിൽ എൽ ഡി എഫിന് ഇത്തവണ മുൻതൂക്കം ലഭിക്കും. എൽ ഡി എഫിന് അനുകൂലമായ മാറ്റം സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ പട്ടിണിയിലിടാത്ത സർക്കാരാണിത്. സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്തിയ സർക്കാരാണിത്. സർക്കാരിനെതിരായ വിവാദങ്ങൾ ബോധപൂർവ്വം അന്തിചർച്ചകൾക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഭക്ഷണവും വീടും വേണമെന്നതായിരുന്നു ജനങ്ങളുടെ പ്രശ്‌നം. അത് ഉറപ്പുവരുത്തിയ സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂട്ടിയ കേരളത്തിലെ കോൺഗ്രസിന്റെ നയത്തെ അഖിലേന്ത്യ കോൺഗ്രസ് പോലും എതിർക്കുകയാണ്. ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാനാകില്ല. കേരളത്തിൽ ബി ജെ പിയുടെ വളർച്ച പടവലങ്ങ പോലെയാണ്. അത് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. എല്ലാ കുതന്ത്രങ്ങളെയും കേരളത്തിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
തന്റെ ചികിത്സ നടക്കുകയാണ്. ചികിത്സയുടെ ഭാഗമായി ലീവെടുത്ത് മാറി നിൽക്കുകയാണ്. ചികിത്സ കഴിയുമ്പോൾ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. കണ്ണൂരിലെ കളളവോട്ട് ആരോപണം എല്ലാകാലത്തും ഉളളതാണ്. എൽ ഡി എഫി ജയിക്കുമെന്ന് കാണുമ്പോഴാണ് ഈ ആരോപണം. എൽ ഡി എഫ് സർക്കാരിന്റെ കൊവിഡ് വാക്‌സിൻ പ്രഖ്യാപനം പുതിയതല്ല. അതുകൊണ്ട് തന്നെ അക്കാര്യം മുഖ്യമന്ത്രി പറഞ്ഞതിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്നും കോടിയേരി പറഞ്ഞു.