farmers

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. കർഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാർമേർസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നാൽപ്പതോളം കർഷകനേതാക്കൾ നിരാഹാരം ആരംഭിച്ചു. വിവിധ പ്രതിഷേധസ്ഥലങ്ങളിലായി രാവിലെ എട്ടുമുതൽ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതിൽ 25 പേർ സിംഗു അതിർത്തിയിലും, പത്തുപേർ തിക്രിയിലും അഞ്ചുപേർ യുപി മേഖലയിലും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവം ഹരീന്ദർ സിംഗ് ലാഖോവാൾ പറഞ്ഞു.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന സമരം 20 ദിവസത്തോളം പിന്നിട്ടുകഴിഞ്ഞു. വിവിധ സംഘടനാ നേതാക്കളുമായി അഞ്ചുതവണ കേന്ദ്രസർക്കാർ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർശനനിലപാടിലാണ് കർഷകർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കർഷകരുടെ നിരാഹാരസമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്കൊപ്പം താനും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് കേജ്‌രിവാൾ വ്യക്തമാക്കി,

അതേസമയം, കർഷകരുടെ സമരത്തെ രാഷ്‌ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആരോപിച്ചു. കർഷകരുടെ ദീർഘകാല പരിരക്ഷയ്‌ക്ക് വേണ്ടിയുള്ളതാണ് പുതിയ നിയമം. ചെറിയൊരു കാലയളവിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കാം. പ്രതിബന്ധങ്ങൾ തരണം ചെയ്യാതെ ഒന്നും നേടാൻ കഴിയില്ലെന്നായിരുന്നു തോമറിന്റെ വിശദീകരണം.