local-body-election

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലും ആവേശത്തോടെ വോട്ടർമാർ. ആദ്യത്തെ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം ഇരുപത് പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങി നാല് ജില്ലകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ രണ്ട് ഘട്ടത്തിലും ഉണ്ടായതുപോലെ മികച്ച പോളിംഗാണ് മൂന്നാംഘട്ടത്തിലും മുന്നണികൾ പ്രതീക്ഷിക്കുന്നത്.

പോളിംഗ് ശതമാനത്തിൽ മലപ്പുറവും കണ്ണൂരുമാണ് മുന്നിൽ. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകളിലും അതീവ സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ വെബ് കാസ്റ്റിംഗും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുളള മലപ്പുറത്ത് 304 പ്രശ്‌ന സാദ്ധ്യത ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്.

വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടർന്ന് മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിൽ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ്‌നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിം​ഗ് തുടങ്ങാൻ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി.

രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.