
തിരുവനന്തപുരം: ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നചിത്രം നമ്മളിൽ പലരും കണ്ടിട്ടുണ്ട്. പ്രമേയത്തിലെ വ്യത്യസ്‌തതയും അവതരണത്തിലെ മികവുംകൊണ്ടുതന്നെ ചിത്രത്തെ തേടി എത്തിയ പുരസ്‌കാരങ്ങൾ നിരവധിയാണ്. ബസിൽ വച്ചുനടത്തുന്ന മോഷണം കൈയോടെ പിടികൂടുകയും, എന്നാൽ അത് സമ്മതിക്കാതെ പൊലീസുകാരെ കുഴയ്‌ക്കുന്ന കള്ളനെയാണ് ഫഹദ് അവതരിപ്പിച്ചത്.
ഇതേ അവസ്ഥയിൽ തന്നെയാണ് രണ്ടുദിവസമായി തമ്പാനൂർ സ്‌റ്റേഷനിലെ പൊലീസുകാരും. തമ്പാനൂർ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലുമായാണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷി'യും എന്ന ചലച്ചിത്രത്തെ ഓർമിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാലക്കാടുനിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന അദ്ധ്യാപക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മകളുടെ നാലരഗ്രാം തൂക്കമുള്ള സ്വർണ പാദസരം പ്രതി മുഹമ്മദ് ഷഫീഖ് മോഷ്‌ടിച്ചു.
മോഷ്ടിക്കുന്നതു കണ്ട മാതാപിതാക്കളും ഒപ്പമുള്ളവരും ബഹളംവെച്ചതോടെ ഷഫീഖ് ഓടി. യാത്രക്കാരും പൊലീസും ഇയാളുടെ പിന്നാലെയോടി. ദൃക്‌സാക്ഷികളുടെ പിടിവീഴുമെന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി. പൊലീസ് ചോദ്യംചെയ്‌തപ്പോൾ പ്രതി മോഷണം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്സ്‌റേ എടുത്തു പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് രണ്ടുദിവസമായി പൊലീസ്.