agriculture-law

ന്യൂഡൽഹി: കർഷക സമരത്തിന് പിന്നിൽ 'തുക്‌ടെ തുക്‌ടെ ഗാംഗെ' ന്ന് ആരോപിച്ച് വീണ്ടും കേന്ദ്രം. സമരത്തിന് പിന്നിൽ വിഭജന ശക്തികളാണ്. കർഷകരുമായി ചർച്ച കീറാമുട്ടിയായി നിൽക്കാൻ കാരണം സമരത്തോടൊപ്പം ചേർന്ന ചില മോദി വിരുദ്ധ ശക്തികളാണെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിപ്രായപ്പെട്ടു. 'കർഷക ബില്ലിന്റെ സ്വഭാവത്തെ കുറിച്ച് തെ‌റ്റായ ആരോപണങ്ങൾ പരക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ചർച്ചകൾ താമസമുണ്ടാകുന്നത്' - അദ്ദേഹം പറഞ്ഞു.

സർക്കാർ കൃത്യമായി നിലപാട് കർഷകരെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അവർക്കിടയിൽ ശരിയായൊരു തീരുമാനമുണ്ടാകാത്തതാണ് പ്രശ്‌ന കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇടതുപക്ഷ ആശയങ്ങളുള‌ളവർ സമരത്തിനിടെ നുഴഞ്ഞുകയറുന്നു. അവരുടെ സ്വാധീനം സമരം ചെയ്യുന്നവരിലുണ്ടാകുന്നു. രാജ്യദ്രോഹികളെ പുറത്തിറക്കാൻ ശ്രമം നടത്തുന്നു. ഇത് യഥാർത്ഥത്തിൽ ശിക്ഷാർഹമാണ്. ഇവർ മോദിക്കെതിരാണ്. ഈ ശക്തികളാണ് സമരത്തിൽ തീരുമാനമുണ്ടാകാതിരിക്കാൻ കാരണം. മന്ത്രി ആരോപിച്ചു.

കർഷക നിയമത്തെ കുറിച്ചുള‌ള കേന്ദ്ര നിലപാട് നരേന്ദ്രസിംഗ് തോമർ ആവർത്തിച്ചു. 'വിളകൾക്ക് പരമാവധി വില ലഭിക്കാനും ഏജന്റുമാരെ ഒഴിവാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.'നിയമത്തിനെതിരെ സമരം ചെയ്യുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ മാത്രമാണ്. ഇവിടെ അവർ ശക്തരും എന്നാൽ വികേന്ദ്രീകൃതമായി നിലനിൽക്കുന്നവരുമാണ്. പുതിയ നിയമം തങ്ങൾക്ക് ദോഷമാകുമെന്ന് ഇവർ ഭയക്കുന്നു. പക്ഷെ മ‌റ്റ് സംസ്ഥാനങ്ങളിലെ കർഷകർക്കൊന്നും ഈ പ്രശ്‌നമില്ല. മന്ത്രി പറഞ്ഞു.

വഞ്ചകരാണ് കോൺഗ്രസുകാരെന്നും അവർ കർഷക സമരത്തിൽ രണ്ട് നിലപാടാണ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം കർഷകരുടെ ഏകദിന നിരാഹാര സമരം ഡൽഹിയ്‌ക്ക് സമീപം വിവിധയിടങ്ങളിൽ നടക്കുകയാണ്. 40 കർഷക നേതാക്കന്മാരാണ് സമരം ചെയ്യുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് സമരം.