
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ അദ്ധ്യക്ഷ പദവിയിൽ സംവരണത്തിനുളള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം മൂന്നാംതവണയും അദ്ധ്യക്ഷസ്ഥാനം സംവരണമായാൽ പൊതുവിഭാഗമാക്കേണ്ട.
തുടർച്ചയായി മൂന്നാം തവണയും അദ്ധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ സംവരണവിഭാഗത്തിന് വരുന്നിടത്ത് അത് മാറ്റി പൊതുവിഭാഗത്തിലാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ച് മുൻപ് വിധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുൾപ്പടെ നിരവധി പരാതികൾ വന്നതിനെ തുടർന്നായിരുന്നു അന്ന് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. മുൻ ഉത്തരവ് പഞ്ചായത്ത്,മുനിസിപ്പാലിറ്റി ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ ബുദ്ധിമുട്ടാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ എതിർത്ത് കോടതിയെ അറിയിച്ചത്. എന്നാൽ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് വന്ന 20 ഹർജികളിലും കക്ഷിയായിരുന്നില്ലെന്ന് സർക്കാർ അറിയിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അദ്ധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാപഞ്ചായത്തുകളിൽ പാലക്കാടും മലപ്പുറത്തും മാറ്റം വേണ്ടിവരും. മാത്രമല്ല ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാറ്റം കൊണ്ടുവരേണ്ടിവരും. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കമ്മീഷൻ അറിയിച്ചിരുന്നു.