
നാടൻ ചിക്കൻകറി
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ - 1കിലോ
സവാള - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - പന്ത്രണ്ട് കഷണം
തക്കാളി - 2 എണ്ണം
മഞ്ഞൾ പൊടി - 1 ടി സ്‌പൂൺ
മല്ലി പൊടി - ഒന്നര ടേ. സ്‌പൂൺ
മുളക് പൊടി - ഒന്നര ടേ. സ്‌പൂൺ
ഗരം മസാല - ഒന്നര ടീ .സ്‌പൂൺ
കുരുമുളക് പൊടി - അര ടേ.സ്‌പൂൺ
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കുറച്ചു കറി വേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. സവാള നല്ല ഗോൾഡൻ നിറമായി വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി ചേർക്കുക. ഇതിന്റെ പച്ച മണം മാറി വരുമ്പോൾ ഇതിലേക്ക് മല്ലി പൊടി ചേർക്കുക. മല്ലി പൊടി നന്നായി മൂത്തു വരുമ്പോൾ ഇതിലേക്ക് മുളക് പൊടി ചേർക്കുക .നന്നായി മൂത്തു വരുമ്പോൾ തക്കാളി ചേർത്തു വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർക്കുക.ഇത് നന്നായി മൂത്തു വെളിച്ചെണ്ണ തെളിഞ്ഞു വരുമ്പോൾ ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക. ചെറിയ തീയിൽ വച്ച് നന്നായി വേവിച്ചു എടുക്കുക.

മട്ടൻ സ്റ്റൂ
ആവശ്യമുള്ള സാധനങ്ങൾ
മട്ടൻ - മുക്കാൽ കിലോ
ഉരുളക്കിഴങ്ങ് - 3 വലുത്
കാരറ്റ് - 1 വലുത്
ഗ്രീൻ പീസ് - 100 ഗ്രാം
സവാള - 2 വലുത്
ഇഞ്ചി - ഒരു വലിയ കഷണം
പച്ചമുളക് - 12 എണ്ണം
കുരുമുളക് പൊടി - ഒന്നര ടേ.സ്‌പൂൺ
ഗരം മസാല - ഒന്നര ടീ . സ്‌പൂൺ
കറിവേപ്പില - ആവശ്യത്തിന്
തേങ്ങാപ്പാൽ ( ഒന്നാം പാൽ ) - രണ്ട് കപ്പ്
രണ്ടാം പാൽ - മൂന്ന് കപ്പ്
വിനാഗിരി - മൂന്ന് ടേ.സ്‌പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിലേക്കു മട്ടൻ എടുത്തു ഇതിലേക്ക് ചതച്ച ഇഞ്ചിയുടെ പകുതി ഭാഗവും അരിഞ്ഞ സവാളയുടെ പകുതി ഭാഗവും ചേർക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക്
ആവശ്യത്തിന് വെള്ളം ചേർക്കുക. മീഡിയം തീയിൽ രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ എടുത്തു, ഇത് നന്നായി ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാളയുടെ ബാക്കി ഭാഗം ചേർത്തിളക്കുക. സവാള ഗോൾഡൻ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങും, ഗ്രീൻ പീസും ,ക്യാരറ്റും, വേവിച്ചു വച്ചിരിക്കുന്ന മട്ടനും ചേർക്കുക.ഇതിലേക്ക് ഗരം കൂടി മസാല ചേർക്കുക. ഇതിലേക്ക്
രണ്ടാം പാൽ ചേർത്ത് നന്നായി വേവിക്കുക. കഷണങ്ങൾ നന്നായി വെന്തുകഴിയുമ്പോൾ ഇതിലേക്ക് ഒന്നാം പാൽ ചേർക്കുക. നന്നായി ചൂടാകുമ്പോൾ ഇതിലേക്കു വിനാഗിരിയും ചേർത്ത് തിളപ്പിക്കുക.