k-muraleedharan

കോഴിക്കോട്: വെൽഫയർ പാർട്ടി വർഗീയ പാർട്ടിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യു ഡി എഫിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വെൽഫയർ പാർട്ടിയുമായി ഒളിച്ചും പാത്തുമുളള സഖ്യമല്ല. സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുളള പ്രാദേശിക തലത്തിലുളള നീക്കുപോക്കാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി തങ്ങളെ സഹായിച്ചു. ഇത്തവണ പ്രാദേശിക തലത്തിലും ആ സഹകരണമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

വടകരയിൽ നല്ല വിജയം യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. വടകരയിലെ മിക്ക പഞ്ചായത്തുകളും തൂത്തുവാരും. കേരളത്തിലുണ്ടാകുന്ന വിജയവും പരാജയവുമൊക്കെ താൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും വ്യക്തികളുടെ വിജയമോ തോൽവിയോ ആയി തിരഞ്ഞെടുപ്പ് ഫലത്തെ നോക്കികാണാനാകില്ല. വിജയമായാലും തോൽവി ആയാലും അത് പാർട്ടിയുടേയും മുന്നണിയുടേയുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.