bamboo

മുള വളർത്തലിന്റെ ലാഭം തിരിച്ചറിഞ്ഞ് മുള കൃഷി ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പരിസ്ഥിതിയ്‌ക്ക് അനുയോജ്യമായ കൃഷിയെന്ന നിലയിലും നല്ല വരുമാനം നൽകുമെന്നതിനാലും ഏറെപ്പേരും മുള കൃഷി ചെയ്യുന്നുണ്ട്. കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറത്ത് വിടുന്നതു കൊണ്ട് തന്നെ വീടുകളിൽ മുള നട്ട് പരിപാലിക്കുന്നവരും ഏറെയാണ്.

അധികം പരിചരണമില്ലെങ്കിലും നന്നായി വളരുമെന്നതാണ് മുളയുടെ പ്രത്യേകത. ഏതു കാലാവസ്ഥയിലും നന്നായി വളരുമെന്ന് മാത്രമല്ല നട്ട് കഴിഞ്ഞാൽ നാലു വർഷം കഴിയുമ്പോഴേക്കും വിളവെടുക്കുകയും ചെയ്യാം എന്നതും മുളകൃഷിയുടെ ഗുണമാണ്. ഒരിക്കൽ വിളവെടുത്തു തുടങ്ങിയാൽ എല്ലാ വർഷവും വിളവെടുക്കാവുന്നതുമാണ്. വളരെ വേഗത്തിൽ വളരുന്നതുകൊണ്ട് തന്നെ കാത്തിരിപ്പിന്റെ ആവശ്യവുമില്ല.

മുള കൃഷി ചെയ്യുന്നതിൽ കുറച്ച് ശ്രദ്ധ പുലർത്തണം. അധികം വരണ്ടയിടങ്ങളാകരുത് കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. അതുപോലെ, അധികം നീർവാർച്ചയും ഉണ്ടാകരുത്. ആവശ്യത്തിന് വെയിലും ജലലഭ്യതയുള്ള സ്ഥലമാണ് കൃഷി ചെയ്യാൻ അനുയോജ്യം.

മുളപ്പിച്ചെടുത്ത തൈകൾ വേണം കൃഷിക്ക് ഉപയോഗിക്കാൻ. നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് തടമെടുക്കാവുന്നതാണ്. ചെടികളും തടവും തമ്മിൽ ആവശ്യത്തിന് അകലമുണ്ടെന്ന് ഉറപ്പ് വരുത്തണം. ആദ്യത്തെ വർഷങ്ങളിൽ വളർച്ച കുറഞ്ഞ രീതിയിലായിരിക്കും. എന്നാൽ, മൂന്ന് വർഷം പിന്നിടുന്നതോടെ മുള വേഗത്തിൽ വളരുകയാണ് ചെയ്യുന്നത്. വെള്ളമോ വളമോ ഒന്നും വേണ്ട. മറ്റു പരിചരണങ്ങളും വേണ്ട. ഏതാണ്ട് 25 വർഷത്തോളം ഇവയ്‌ക്ക് ആയുസുണ്ടാകും. ഇതൊക്കെ തന്നെയാണ് മുളക്കൃഷിയിലേക്ക് കർഷകർ തിരിയുന്നതിനുള്ള പ്രധാന കാരണവും. മുളയിൽ നിർമ്മിക്കുന്ന വസ്തുക്കൾക്ക് ആവശ്യക്കാരും ഏറെയാണ്.