swapna-suresh-

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയെന്നതരത്തിൽ പ്രചരിച്ച 'സ്വപ്ന സന്ദേശ'ത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന സുരേഷ് വിവരങ്ങൾ തുറന്ന് പറഞ്ഞത്. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്ത് വന്നതെന്ന തരത്തിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നത്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പോർട്ടലാണ് ഈ ശബ്ദരേഖ പുറത്ത് വിട്ടത്.

എന്നാൽ സ്വപ്നയുടെ വാക്കുകളിൽ ഇഡി എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ലെങ്കിലും ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ടിൽ ഇഡി ഭീഷണിപ്പെടുത്തുന്നതായി കൂട്ടിച്ചേർത്തിരുന്നു. ഇതോടെ ശബ്ദരേഖയ്ക്ക് പിന്നിൽ ആരോ ഇടപെട്ടിട്ടുണ്ടെന്നും സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണോ എന്നും സംശയം ഉയർന്നു. ഇടത് അനുഭാവികൾ ശബ്ദരേഖയ്ക്ക് അമിത പ്രചാരണം നടത്തിയതും സംശയം വർദ്ധിപ്പിച്ചു. അതേസമയം ജയിലിൽ നിന്നും പുറത്ത് വന്ന ശബ്ദരേഖയായതിനാൽ തന്നെ അന്വേഷണം വേണമെന്ന് ജയിൽ ഡി ജി പി പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും പ്രാഥമിക പരിശോധന നടത്തുവാൻ പോലും പൊലീസ് ശുഷ്‌കാന്തി കാണിച്ചിരുന്നില്ല. എന്നാൽ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കണ്ടത്.


സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിലെ ചിലർ നടത്തിയ നാടകമായിരുന്നു ശബ്ദ സന്ദേശമെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ ഓപ്പറേഷന് പിന്നിലെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഉന്നത നിർദേശപ്രകാരമായിരുന്നു ഇത്. കൊച്ചിയിൽ വച്ച് ഇഡി കസ്റ്റഡിയിലായിരിക്കെ സ്വപ്നയ്ക്ക് കാവലുണ്ടായിരുന്ന വനിതാ പൊലീസുകാരിൽ ഒരാളാണ് സ്വപ്നയെ ഫോണിൽ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് കണക്ട് ചെയ്ത് നൽകിയത്. മറുവശത്ത് സംസാരിച്ചത് ആരായിരുന്നു എന്ന് സ്വപ്നയെ അറിയിച്ചിരുന്നില്ല എന്നാൽ ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി നൽകിയിരുന്നു. ഇതിൻപ്രകാരം സ്വപ്നയുടെ സംഭാഷണം റിക്കോർഡ് ചെയ്‌തെടുക്കുകയും പ്രസക്ത ഭാഗം പരസ്യമാക്കുകയുമായിരുന്നു. തന്റെ മൊഴി പ്രസ്താവന വായിച്ച് നോക്കാൻ അനുവദിക്കാതെ അന്വേഷണ ഏജൻസി ഒപ്പിട്ട് വാങ്ങിച്ചു എന്നും സ്വപ്ന ഈ ശബ്ദ സന്ദേശത്തിൽ ആരോപിച്ചിരുന്നു.

സ്വപ്നയുടെ ശബ്ദ സന്ദേശത്തിൽ അന്വേഷണം നടത്തണമെന്ന് ഇഡി കടുപ്പിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരു. എന്നാൽ ഇതിൽ നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കസ്റ്റംസിന് ലഭിച്ച വിവരങ്ങൾ കോടതിയിൽ വിശദ റിപ്പോർട്ടായി ഉടൻ സമർപ്പിക്കും.