
മലപ്പുറം: ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങൾക്ക് പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുളള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് മന്ത്രി കെ ടി ജലീൽ. ആരോപണങ്ങളെല്ലാം പച്ചക്കളളമാണെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമ്മേതം എത്തിയാണ് മന്ത്രി കെ ടി ജലീൽ വോട്ട് രേഖപ്പെടുത്തിയത്.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരോപിച്ചത് കളളമാണ് എന്നതിന്റെ തെളിവാണ് താൻ. രാവിലെ അറസ്റ്റ്, ഉച്ചയ്‌ക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോവെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. പറഞ്ഞതെല്ലാം പച്ചക്കളളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. യു ഡി എഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സി എം രവീന്ദ്രൻ കൊവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ല. അസ്വസ്ഥത മാറിയാൽ അദ്ദേഹം ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും കെ ടി ജലീൽ പറഞ്ഞു.
ഉയർന്ന പോളിംഗ് ശതമാനം എൽ ഡി എഫിനുള്ള പിന്തുണയാണെന്നും ജലീൽ പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നു. വെൽഫയർ പാർട്ടിയുമായി ഉളള ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്‌ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം കമ്മ്യൂണിറ്റിയിൽ തന്നെ 90 ശതമാനം ആളുകളും ഈ ബന്ധത്തിനെതിരാണെന്നും കെ ടി ജലീൽ ചൂണ്ടിക്കാട്ടി.