
കലാഭവൻ മണിയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. 2016 മാർച്ചിലാണ് അദ്ദേഹം അന്തരിച്ചത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ഉടൻ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു.
ജാഫർ ഇടുക്കി ഉൾപ്പടെയുള്ള സുഹൃത്തുക്കൾക്കെതിരെയായിരുന്നു ആരോപണങ്ങൾ. വിഷം കലർത്തിയ മദ്യം ഒഴിച്ചു കൊടുത്തു, മദ്യപിക്കാൻ പ്രേരിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കുകയും, നടൻ ജാഫർ ഇടുക്കി ഉൾപ്പടെയുള്ള ചിലരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ചും, അതുമൂലം താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് ജാഫർ ഇടുക്കി. മണിബായിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ആരോപണങ്ങൾ കേട്ട് തെറ്റിദ്ധരിച്ച് അവർ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നെന്നും അദ്ദേഹം പറയുന്നു.
തന്റെ തറവാട്ടിലെ മുതിർന്നവർ പള്ളിയിലെ മുസലിയർമാരാണെന്നും, മനസിൽ പോലും വിചാരിക്കാത്ത കാര്യത്തിന് അവർ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും ജാഫർ ഇടുക്കി പറഞ്ഞു. ആരോപണങ്ങൾ കാരണം ഒന്നര വർഷത്തോളം മുറിക്കുള്ളിൽ അടച്ചിരുന്നെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
അവസാനമായി കലാഭവൻ മണിയെ കണ്ടതിനെക്കുറിച്ചും ജാഫർ ഇടുക്കി മനസുതുറന്നു. സാധാരണ കാണുന്നതിനെക്കാൾ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയിൽ അഭിനയിക്കാനുള്ളതിനാൽ അദ്ദേഹം തന്നെ മടങ്ങിപ്പോകാൻ നിർബന്ധിച്ചുവെന്നും, പിന്നെ മരണവാർത്തയാണ് കേൾക്കുന്നതെന്നും നടൻ പറഞ്ഞു.