
നെഞ്ചുവേദനയായി ആശുപത്രിയിൽ കൊണ്ടുപോയ ഡാനിയെ കണ്ട് തിരിച്ചുവന്ന ഗിരീഷ് ഭാര്യയോട് പറഞ്ഞു: ''ഓ, പോയില്ലെങ്കിൽ മോശമായെന്നെ. എന്നെ കണ്ടപ്പോൾ അവന്റെ കണ്ണ് രണ്ടും നിറഞ്ഞു. കയ്യിൽ അമർത്തിപ്പിടിച്ചു നെഞ്ച് കലങ്ങുന്ന മാതിരി ഒരു ഡയലോഗാ, ഗിരീഷേ നീ വന്നൂലോ, എനിക്ക് സന്തോഷായി. ഇനി ധൈര്യായിട്ട് ഓപ്പറേഷൻ ചെയ്യാല്ലോ... എന്റെ കണ്ണ് നിറഞ്ഞു പോയി നിഷേ...""
''നെഞ്ച് വേദന വന്നപ്പോ അപ്പോ തന്നെ കൂടെ പോകാൻ പറ്റാത്തതിലുള്ള നിങ്ങളുടെ വിഷമം മാറിയില്ലേ. എന്തായിരുന്നു, പത്ത് മിനിറ്റ് വൈകി, കൂടെ പോകാൻ പറ്റില്ല എന്നും പറഞ്ഞുള്ള ബഹളം. ഇനി മനുഷ്യനിവിടെ സമാധാനായി കഴിയാലോ...""
''നീ ഒന്നടങ്ങ്. അതാ സമയത്തെ വെപ്രാളം കാരണം പറഞ്ഞതല്ലേ...""
''അതെയതെ.. എപ്പോഴും ഇതോർമ്മ ഉണ്ടായാൽ മതി...""
''എന്നാലും ഞാൻ അവന്റെ ഒരു സ്‌നേഹം ആലോചിക്ക്യ... എന്നെ കണ്ടപ്പോ ഉള്ള സന്തോഷം, സമാധാനം, നന്ദി, ആശ്വാസം.. മറക്കാനേ പറ്റുന്നില്ല...""
കുറച്ചു നേരം ഗിരീഷിന്റെ വൈകാരിക സംഭാഷണം കേട്ട് മടുത്ത നിഷ മെല്ലെ അകത്തേക്ക് വലിഞ്ഞു.
രാത്രി ഉറക്കം വരാതെ യൂട്യൂബിൽ സിനിമ കണ്ടിരിക്കും നേരമാണ് സുഹൃത്ത് ഡാനിയുടെ ഫോണിൽ നിന്ന് വിളിവന്നത്.
''ഗിരീഷല്ലേ, നീ ദെവിട്യാ... ""
വിളിക്കുന്നത് ഡാനിയല്ല എന്ന് ശബ്‌ദം കേട്ടപ്പോൾ മനസ്സിലായി. പിന്നെ അഭിസംബോധനാ രീതിയും.
''ഞാൻ വീട്ടില്..എന്തേ...""
''നീ അത്യാവശ്യയിട്ട് വിമലാ ആശുപത്രീല്‌ക്ക് വാ. ബൈക്കിലായാലും കാറിലായാലും ശരി വേഗം വേണം.""
''ആരാ വിളിക്കണേന്ന് പറ. എന്താ കാര്യം ന്നും...""
''ഇത് ഞാനാടാ. ആന്റേട്ടൻ. മ്മ്‌ടെ ഡാനിക്ക് പെട്ടെന്ന് ഒരു നെഞ്ച് വേദന. ഞങ്ങളിവിടെ ആശുപത്രില് കൊണ്ടന്നേക്കാണു. ഡോക്ടർമാര് പറേണത് ബ്ലോക്ക് ണ്ട് നീക്കണം ന്നാ.. എടേല് അവര് മാറിനിന്നു രഹസ്യം പറേണ്ട്. എന്തോ കുശുകുശുക്കലും ഞങ്ങക്ക് തോന്നണത് എന്തോ കളീണ്ടന്ന..നീ വേഗം വാ ന്നട്ട് തീരുമാനിക്കാം.""
കാലങ്ങളായി മെഡിക്കൽ റെപ്പായി ജോലി ചെയ്തു വരുന്ന ഗിരീഷിന് ആശുപത്രി സംബന്ധമായ കാര്യം വരുംമ്പോൾ കൂട്ടുകാർക്കും വീട്ടുകാർക്കും ഇടയിൽ ചെറുതല്ലാത്ത ഒരു മതിപ്പുണ്ട്. ഏത് ഡോക്ടറെ കാണാനും ഏത് ആശുപത്രിയിൽ പോകാനും അവരൊക്കെ ഗിരീഷിനോട് അഭിപ്രായം തേടിയിട്ടേ പോകുമായിരുന്നുള്ളൂ. അപ്പോഴൊക്കെ ഗിരീഷിന് തന്നെ പ്രതിയും തന്റെ ജോലിയെ പ്രതിയും സ്വയം ഒരു മതിപ്പുണ്ടാവാറുള്ളതാണ്. അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തായ ഡാനിയുടെ കാര്യം വന്നപ്പോൾ പാതിരാത്രിയൊന്നും പ്രശ്‌നമായിരുന്നില്ല. മാത്രമല്ല അവനെ കൊണ്ടുപോകും നേരം കൂടെ പോകാൻ ഒത്തില്ലല്ലോ എന്നൊരു വിഷമം ഉള്ളിൽ ശേഷിച്ചിരുന്നു. ആ ദുഃഖം തന്നെ പോലെയുള്ള ഡാനിയുടെ മറ്റു കൂട്ടുകാരായ തോംസണും ബിജുവിനും സുരേഷിനും ഉണ്ടാകണ്ട എന്നു കരുതി ആശുപത്രിയിൽ പോകാനുള്ള അറിയിപ്പ് നൽകി. ഉറക്കത്തിൽ നിന്ന് അവരെയൊക്കെ വിളിച്ചുണർത്തി കൊണ്ടു വരാൻ തന്നെ അര മണിക്കൂർ എടുത്തു. ഇതിനിടെ നാലുതവണയെങ്കിലും എവിടെയെത്തി, പുറപ്പെട്ടില്ലേ എന്നൊക്ക ചോദിച്ചു ആന്റേട്ടൻ ധൃതി കൂട്ടി വിളിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെയും ''അവിടെ കുഴപ്പമില്ലല്ലോ?"" എന്ന ചോദ്യത്തിന് ഉത്തരം ആയി ''നീ വേഗം വന്നാൽ മതി"" എന്ന മറുപടി മാത്രം ഉണ്ടായി. താൻ വെറും മെഡിക്കൽ റെപ്പാണെന്നും അവിടെ കാര്യം നോക്കേണ്ടത് ഡോക്ടർ ആണെന്നും പറയാൻ വന്നെങ്കിലും ഗിരീഷ് നിയന്ത്രണം പാലിച്ചു. കിട്ടാവുന്ന കൂട്ടുകാരെയൊക്കെ വിളിച്ച്, ഉറക്കം വിട്ടെഴുന്നേറ്റ് വരാൻ താത്‌പര്യമുള്ളവരെയൊക്കെ കൂടെ കൂട്ടി
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവിടെ എത്തിയത്. ഗിരീഷിന്റെ കയ്യിൽ പിടിച്ചമർത്തി സന്തോഷം, ആശ്വാസം, നന്ദി ഇത്യാദി വികാരങ്ങൾ ഒരേ സമയം നിറഞ്ഞൊഴുകിയ കണ്ണുമായി ഡാനി ആഞ്ജിയോപ്ലാസ്റ്റിക്ക് കയറി.
രണ്ടു ദിവസം കഴിഞ്ഞ് ഐ.സി.യുവിൽ നിന്നു വാർഡിലേക്ക് മാറ്റിയപ്പോൾ ആദ്യം കാണാൻ ചെന്ന കൂട്ടുകാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ ഗിരീഷ് ഉണ്ടായിരുന്നു. ഡാനി അവനെ കാത്തിരിക്കുകയായിരുന്നു. ഗിരീഷിനെ കണ്ടപാടെ പറഞ്ഞു:
''ഗിരീഷേ, നീ അപ്പോഴെത്തിയില്ലെങ്കിൽ ഞാനിപ്പോ ജീവനോടെ ഉണ്ടാവുമായിരുന്നില്ല.""
''അതെന്താ. ഇത്തരം സന്ദർഭത്തിൽ സമയം കളയാതെ നല്ലൊരു ആശുപത്രിയിൽ എത്തുന്നതാണ് പ്രധാനം. പിന്നെ എല്ലാം ഡോക്ടർമാർ നോക്കിക്കോളും. നീ സമയം കളയാതെ തന്നെ എത്തിയിട്ടുണ്ടല്ലോ...""
''അതൊക്കെ ശരി. പക്ഷെ അതോണ്ടെന്താ കാര്യം..?""
''എന്തേ. ആന്റേട്ടനും ഷാജിയേട്ടനും കൃത്യ സമേത്ത് കൂടെ ഉണ്ടാർന്നൂലോ?""
''ഡോക്ടർമാരേം ആശുപത്രിക്കാരേം വിശ്വസിക്കാൻ പറ്റില്ലെന്നും, നീ വരാതെ, നീ പറയാതെ എന്നെ ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാൻ സമ്മതിക്കില്ലാന്നും പറഞ്ഞ് അവർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. എന്റെ നെഞ്ചിൽ ആണെങ്കിൽ തീ കൊള്ളി ഉരച്ചാലെന്ന പോലെ വേദന. അവസാനം നിന്നെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അല്ലെങ്കിൽ ആശുപത്രി വരാന്തയിൽ കിടന്ന് ഞാൻ തീർന്നേനെ. എന്റെ കുട്ട്യോളും ഭാര്യയും ആരും ഇല്ലാത്തവരായേന്നെ.""
ദൈവമേ എന്ന് ആ സമയം മെഡിക്കൽ റെപ്പ് ഗിരീഷ് ഉള്ളിൽ ഒന്ന് നിലവിളിച്ചു.
(പി. രഘുനാഥ്: 9497180183)