
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് ഏഴര മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം അറുപത്തിയഞ്ച് കടന്നു. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും അമ്പതിലധികമാണ് ഇതുവരെയുളള പോളിംഗ് ശതമാനം. നാല് ജില്ലകളിൽ മലപ്പുറത്തും കണ്ണൂരുമാണ് കൂടുതൽ പോളിംഗ്.
മലപ്പുറം ജില്ലയിൽ രണ്ടിടത്ത് സംഘർഷം ഉണ്ടായി. എൽ ഡി എഫും യു ഡി എഫും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ യു ഡി എഫ് വനിതാ സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബി ജെ പി സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വോട്ടിംഗ് യന്ത്രത്തകരാർ മൂലം ചിലയിടങ്ങളിൽ അൽപ്പനേരം പോളിംഗ് തടസപ്പെട്ടു.
കോഴിക്കോട് പയ്യാനയ്‌ക്കലിൽ വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുണ്ടായി. കൊവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കൽ സ്വദേശി അർഷാദ് പരാതിപ്പെട്ടു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്‌തതായി പരാതി ഉയർന്നു. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്റ്റ് എൽ പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിൽ പ്രേമൻ എന്നയാൾ വോട്ട് ചെയ്‌തു. പ്രേമദാസന് പ്രിസൈഡിംഗ് ഓഫീസർ ചലഞ്ച് വോട്ട് ചെയ്യാൻ അവസരം നൽകി.
പോളിംഗിനിടെ മലപ്പുറം ജില്ലയിൽ രണ്ടിടത്ത് സംഘർഷം ഉണ്ടായി. എൽ ഡി എഫും യു ഡി എഫും തമ്മിലുണ്ടായ സംഘർഷത്തിൽ യു ഡി എഫ് വനിതാ സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബി ജെ പി സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂർ സ്വദേശി ദേവിയാണ് മരിച്ചത്.
താനൂർ നഗരസഭയിലെ പതിനാറാം വാർഡിലും യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയിൽ ബൂത്ത് ഏജന്റിനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നു. കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്.
കോഴിക്കോട് കോടഞ്ചേരിയിൽ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് ബി ജെ പി സ്ഥാനാർത്ഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടത് ശക്തികേന്ദ്രമായ കണ്ണൂരിലെ ആന്തൂരിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലുണ്ട്.