corporation

തിരുവനന്തപുരം: അടുത്തമാസം അധികാരത്തിൽ വരുന്ന പുതിയ കോർപ്പറേഷൻ കൗൺസിലിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടം. തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സ്‌മാർട്ട് സിറ്റി പദ്ധതിയുടെ നവീകരണമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതു കൂടാതെ നഗരവാസികളുടെ ഏറ്റവും വലിയ തലവേദനയായ കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്.


43 പദ്ധതികൾ

സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ 43 പദ്ധതികളാണ് 2022ൽ പൂർത്തിയാക്കാനുള്ളത്. സമയബന്ധിതമായി ഈ പദ്ധതികൾ പൂർത്തിയാക്കാനായില്ലെങ്കിൽ റദ്ദാവുക 1538 കോടിയാണ്. ഈ പദ്ധതികളെല്ലാം തന്നെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതുമാണ്. 1134 കോടിയുടെ പദ്ധതി രൂപരേഖ ഇതുവരെ സമർപ്പിച്ചെന്നാണ് കണക്ക്. 493.69 കോടി രൂപ അനുവദിച്ചു. ഓരോ പദ്ധതിക്കും കീഴിലും മറ്റ് വിവിധ ചെറുപദ്ധതികളുമുണ്ട്.

സുസ്ഥിര വികസനം, പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരം, വൃത്തിയും സുസ്ഥിരവുമായ അന്തരീക്ഷം എന്നീ ലക്ഷ്യങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുള്ളത്. തമ്പാനൂർ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം, ചാല മാർക്കറ്റിന്റെ നവീകരണം, പാളയം മാർക്കറ്റ് നവീകരണം, പുത്തരിക്കണ്ടം ഓപ്പൺ എയർ തിയറ്റർ, പൊന്നറ ശ്രീധർ പാർക്ക് നവീകരണം തുടങ്ങിയ വൻകിടപദ്ധതികളും പട്ടികയിലുണ്ട്. അതി വേഗത്തിൽ പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് വില്ലനായെത്തിയത്. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.

പൂർത്തിയായ പദ്ധതികൾ


സ്മാർട്ട് സിറ്റി പരിധിയിൽ മുഴുവൻ ജലവിതരണ പദ്ധതി, ഭൂഗർഭ ഡ്രെയ്‌നേജ് സംവിധാനം, ഗാന്ധി പാർക്കിലെ ഇ - ചാർജിംഗ് സ്‌റ്റേഷൻ, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നവീകരണം, ശ്രീകണ്‌ഠേശ്വരം പാർക്ക്, ശ്രീചിത്ര പാർക്ക്, ഗാന്ധി പാർക്ക് എന്നിവിടങ്ങളിലെ ഓപ്പൺ ജിം, ഇ - ഓട്ടോ വിതരണം തുടങ്ങി വിവിധ പദ്ധതികൾ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.

നിർമ്മാണത്തിൽ
ടോയ്ലറ്റ് കോംപ്ളക്‌സുകൾ, സ്‌മാർട്ട് ബസ് സ്‌റ്റോപ്പ് (രണ്ടെണ്ണം പൂർത്തിയായി), പാളയം മാർക്കറ്റ് നവീകരണം തുടങ്ങി നിരവധി പദ്ധതികളും നിർമ്മാണ പട്ടികയിലുണ്ട്.