
''ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് നമ്മുടെ സൈന്യമല്ല. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കർഷകരാണ്."" ഈ വാക്കുകൾ 2020 ഡിസംബർ 13 നു മൺമറഞ്ഞ പ്രസിദ്ധ കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലിയുടേതായിരുന്നു. ഹേലി - സാധാരണയിൽ നിന്നും വ്യത്യസ്തമായ പേര്. അർത്ഥം സൂര്യൻ. പേര് പോലെ അന്വർത്ഥമായി ആ ജീവിതവും. കാർഷിക മേഖലയിലെ ഒരു സൂര്യതേജസായി തന്നെ അദ്ദേഹം പ്രശോഭിച്ചിരുന്നു. 1934 സെപ്റ്റംബർ 28 ന് ആറ്റിങ്ങലിലാണ് ഹേലിയുടെ ജനനം. അച്ഛൻ വി. എം. രാമൻ, അമ്മ അദ്ധ്യാപികയായിരുന്ന എ. ഭാരതി. ജാതീയമായ ഉച്ചനീചത്വങ്ങൾ മൂലം മറ്റു കുട്ടികളോടൊപ്പം  ആറ്റിങ്ങലിലെ സ്കൂളിൽ പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ട കുട്ടിയായിരുന്നു ഹേലിയുടെ പിതാവ് രാമൻ. ഈ അനീതി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തിരുവനന്തപുരത്ത് വിദ്യാഭ്യാസം നേടാനുള്ള അനുമതി സമ്പാദിക്കുകയും ചെയ്തു. തുടർന്ന് മദ്രാസിൽ ഉപരിപഠനം നടത്തിയ ശേഷം അദ്ദേഹം മദ്രാസ് സർവീസിലും പിന്നീട് കേരള സർവീസിലും രജിസ്ട്രേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനകം  ആറ്റിങ്ങലിലെ പൗരപ്രധാനിയും ഉദ്യോഗസ്ഥനുമായി മാറിയ അദ്ദേഹം നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷനുമായി. നാരായണഗുരു ശിഷ്യനായ രാമൻ, ആർ. ശങ്കർ, സഹോദരൻ അയ്യപ്പൻ, ആർ. സുഗതൻ, പി. കൃഷണപ്പിള്ള, മാമൻമാപ്പിള എന്നിവരുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഈ  ബന്ധം മകനായ ഹേലിയേയും സ്വാധീനിച്ചിരുന്നു. അതുകൊണ്ടാണ് അവസാനം കാലം വരെ അദ്ദേഹം ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും ജീവിക്കുകയും ചെയ്തത്. അച്ഛനെക്കുറിച്ചുള്ള ഹേലിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''എന്റെ അച്ഛൻ അസാമാന്യമായ ജീവിത വീക്ഷണമുള്ള ആളായിരുന്നു. ശ്രീനാരായണ ഗുരുവുമായുള്ള സഹവാസമാണ് അദ്ദേഹത്തെ വലിയൊരു സാമൂഹിക പരിഷ്കർത്താവായി മാറ്റിയത്""
ഹേലിയുടെ പ്രാഥമിക വിദ്യാഭ്യാസം ആറ്റിങ്ങലിലുള്ള സ്കൂളുകളിലായിരുന്നു. തുടർന്ന് തിരുവന്തപുരത്ത് ഇന്റർമീഡീയേറ്റ് കോളേജിൽ പഠിച്ചു. മൈസൂറിലെ ഹെബ്ബാൽ ഗവ: അഗ്രികൾച്ചറൽ കോളേജിൽ നിന്നും (ജി.കെ.വി.കെ കാമ്പസ്) കൃഷി ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായി 1955 ൽ ജോലിയിൽ പ്രവേശിച്ചു. 1956 ൽ തിരുകൊച്ചി കൃഷി വകുപ്പിലും 1957 ൽ കേരള സംസ്ഥാന കൃഷി വകുപ്പിലും ഉദ്യോഗസ്ഥനായി. മുല്ലപ്പള്ളിയിൽ കൃഷി വികസന ഉദ്യോഗസ്ഥനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു. സ്റ്റേറ്റ് മാർക്കറ്റിംഗ് ഓഫീസറായും മൂന്നു വർഷം പ്രവർത്തിച്ചു. ഇക്കാലയളവിലാണ് കേരളത്തിലെ മാർക്കറ്റുകളെ പറ്റി വിശദമായ സർവ്വേ നടത്തിയത്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളെ ഉൾപ്പെടുത്തിയാണ് 'സർവേ ഒഫ് ഇംപോർട്ടന്റ് അഗ്രികൾച്ചറൽ മാർക്കറ്റ്സ്  ഒഫ് കേരള" എന്ന പുസ്തകം പ്രസീദ്ധീകരിച്ചത്. മാർക്കറ്റിംഗിനെ കുറിച്ചുള്ള ഒരു ആധികാരിക രേഖകൂടിയാണിത്. കൃഷി വകുപ്പിന്റെ പ്രചാരണ വിഭാഗമായ അഗ്രികൾച്ചറൽ ഇൻഫർമേഷൻ സർവീസ് രൂപീകൃതമായതോടെ ഹേലിയുടെ ഔദ്യോഗിക ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ഉണ്ടായി. ഫാം ജേർണലിസമെന്ന ഒരു പ്രത്യേക ശാസ്ത്രശാഖ തന്നെ രൂപപ്പെട്ടു. അഗ്രികൾച്ചറൽ ഇൻഫർമേഷൻ സർവീസിൽ 'കേരളകർഷകൻ" പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനായതോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാർഷിക പ്രസിദ്ധീകരണമായി അതിനെ മാറ്റിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഫാം ഇൻഫർമേഷൻ ബ്യൂറോ രൂപീകൃതമാകുകയും അതിന്റെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ പദവിലെത്തിയതോടെ കാർഷിക വിജ്ഞാന, വ്യാപന മേഖലയിൽ ഒരു പുത്തൻ ഉണർവ് ഉണ്ടായി. കൃഷി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, എന്നിവരുടെ പ്രോത്സാഹനത്തോടെ കൃഷി, മൃഗസംരക്ഷണം, വകുപ്പുകളുടെ ശക്തമായ പ്രചാരണ വിഭാഗമായി ഫാം ഇൻഫർമേഷൻ ബ്യൂറോയെ മാറ്റുന്നതിൽ ഹേലി വഹിച്ച പങ്ക് വളരെ വലുതാണ്.

ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ കാലം ഹേലി അനുസ്മരിക്കുന്നത് ഇങ്ങനെ, ''കൃഷിയേയും കർഷകരെയും കർഷകസാഹിത്യത്തേയും മനസിലാക്കാനും ഗവേഷണ ഫലങ്ങൾ ലളിതമായ ഭാഷയിൽ കർഷകരിൽ എത്തിക്കാനും ആണ് ഞങ്ങൾ ശ്രമിച്ചത്. വളരെ ദുഷ്കരമെങ്കിലും തികഞ്ഞ സംതൃപ്തി തന്ന ദിവസങ്ങൾ ആയിരുന്നു അത്. ഒരു പക്ഷേ, ഫാം ജേർണലിസം എന്ന ആശയം തന്നെ രൂപീകരിക്കപ്പെടുന്നത് ഈ സമയത്തായിരിക്കണം.""
ആൾ ഇൻഡ്യ റോഡിയോയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം, മറ്റു ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളിലെ കൃഷി പരിപാടികൾ, ദിനപത്രങ്ങളിലെ കാർഷികരംഗപംക്തികൾ എന്നിവ കൃത്യതയോടെയും ആകർഷകമായും കർഷകസമൂഹത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം കഠിനപ്രയത്നം നടത്തി. ദൂരദർശൻ നാട്ടിൻപുറം പരിപാടിയിൽ അദ്ദേഹം അവതരിപ്പിച്ച 'നൂറുമേനിയുടെ കൊയ്ത്തുകാർ" എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത 12 കർഷകരുമായി അദ്ദേഹം നടത്തിയ ആശയവിനിമയം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ദൂരദർശന്റെ ശ്രദ്ധേയമായ ഗ്രീൻ കേരള എക്സ്പ്രസ് എന്ന സോഷ്യൽ റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ, കൃഷി ഡയറക്ടർ എന്നി തസ്തികയിലിരുന്നുള്ള പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. 1989 ൽ കൃഷി വകുപ്പ് ഡയറക്ടറായിരുന്നപ്പോഴാണ് നെൽകൃഷിയിലെ ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് നെൽകൃഷിയിലെ ചെലവ് കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ഈ പദ്ധതി ഏറെ സഹായിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കൃഷിവകുപ്പിന്റെ പുനഃസംഘടനം നടപ്പിലാക്കിയത് ഹേലി കൃഷി വകുപ്പ് ഡയറക്ടറായിരുന്ന കാലയളവിലാണ്. മറ്റൊരു സംസ്ഥാനത്തൊന്നും ഇല്ലാത്ത 'കൃഷി ഭവൻ" സംവിധാനം അങ്ങനെ കേരളത്തിൽ ആദ്യമായി നിലവിൽ വന്നു. ആദ്യമായി മാതൃഭൂമി പത്രത്തിൽ കാർഷികരംഗ പംക്തി, മനോരമയുടെ കർഷകശ്രീ അവാർഡ്, ഗ്രന്ഥശാലകളിലെ കൃഷി പുസ്തകകോർണർ, ആൾ ഇൻഡ്യ റേഡിയോയിലെ കാർഷിക മേഖലാ വാർത്തകൾ എന്നിവ ആരംഭിക്കുന്നതിന് മുഖ്യപ്രേരകശക്തിയായത് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിലുള്ള ആർ. ഹേലിയുടെ പ്രവർത്തനങ്ങളാണ്. ഡൽഹിയിൽ എല്ലാവർഷവും നടത്തുന്ന ട്രേഡ് ഫെയർ എക്സിബിഷനുകൾ ചിട്ടയായി സംഘടിപ്പിക്കുന്നതിനും സമ്മാനം നേടുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം.
വിരച്ചമിച്ച ശേഷവും സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സി .അച്യുതമേനോൻ മുതൽ ഇപ്പോഴത്തെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വരെയുള്ള എല്ലാ കൃഷി മന്ത്രിമാരും അദ്ദേഹവുമായി ആശയവിനിമയം നടത്തി അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. ഇന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷണൻ കുട്ടി ചെയർമാനായിരുന്ന കേരള കാർഷിക നയരൂപികരണ സമിതിയിലെ അംഗമായിരുന്നു ആർ. ഹേലി. പ്രായം പോലും അവഗണിച്ച് കേരളത്തിലോട്ടാകെ സഞ്ചരിച്ച് പൊതു സമൂഹവുമായി ആശയ വിനമയം നടത്തി സമഗ്രമായ റിപ്പോർട്ട് നൽകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ ശ്ളാഘനീയമാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി കാർഷികക്ഷേമ ബോർഡ് രൂപികരിച്ചത്
ദീർഘകാലം ആർ. ഹേലിയുമൊത്ത് ഒരുമിച്ചു പ്രവർത്തിക്കുകയും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി ഈയടുത്തകാലത്ത് വിരമിക്കുകയും ചെയ്ത സുരേഷ് മുതുകുളം ഇങ്ങനെ ഓർക്കുന്നു. ''സദാകർമ്മനിരതനായ ഹേലി സാറിന്റെ വേർപാട് ദുഃഖപൂർണമാണ്, വേദനാജനകമാണ്. കാർഷിക മാദ്ധ്യമ പ്രവർത്തന രംഗത്തെ വൈവിധ്യപൂർണമായ ഒട്ടനവധിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായിരുന്ന പ്രിയങ്കരനായ ഹേലി സാർ. തീരാദുഃഖം പോലെ ഒരു വിഷമം ബാക്കി നിൽക്കുന്നു. വിശേഷങ്ങൾ പറയാനും ആശങ്കകൾ പങ്കുവയ്ക്കാനും കാർഷികരംഗത്തെ ചലനങ്ങൾ വിശകലനം ചെയ്യാനും ഒന്നും ഇനി സാർ ഇല്ലല്ലോ. ഇത് സുരേഷിന്റെ മാത്രം വേദനയല്ല. ഹേലിസാറിനെ നേരിട്ടറിയാവുന്ന ഓരോരുത്തരുടെയും വേദനയാണ്. കൃഷിക്കാർക്ക് മാന്യമായ ജീവിതവും വരുമാനവും""അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കാലിക പ്രസക്തമായ ലേഖനങ്ങൾ ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസീദ്ധീകരിച്ചിട്ടുണ്ട്. ആൾ ഇൻഡ്യ റേഡിയോ, ദൂരദർശൻ തുടങ്ങി വിവിധ ദൃശ്യ-ശ്രാവ്യ മാദ്ധ്യങ്ങളിൽ കൃഷി സംബന്ധമായ വിഷയങ്ങൾ വളരെ രസകരമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. കാർഷിക രംഗത്തെ ഒരു എൻസൈക്ളോപീഡിയായി വിശേഷിപ്പിക്കാവുന്ന 'കൃഷിപാഠം" ആർ ഹേലിയുടെ മാസറ്റർ പീസാണ്. കൂടാതെ ഗ്രാമ്പു, ഫാം ജേർണലിസം, പഴവർഗങ്ങൾ, തേൻപഴകൂട, വാനില, ജൈവകൃഷി എന്നിവയാണ് മറ്റ് പ്രധാന ഗ്രന്ഥങ്ങൾ. കേരള സർക്കാരിന്റെ പ്രഥമ കർഷക ഭാരതി അവാർഡ്, പ്രസ് അക്കാഡമി അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ കമ്മിറ്റികളിലും ജൂറികളിലും അദ്ദേഹം അംഗമായിരുന്നു.
ശിവഗിരിയുമായി അദ്ദേഹം നല്ല അടുപ്പം പുലർത്തിയിരുന്നു. ദീർഘകാലം ശിവഗിരി തിർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ചുള്ള സമ്മേളനങ്ങളിൽ കൃഷിയെ സംബന്ധിച്ചുള്ള വിഷയം അവതരിപ്പിച്ചിരുന്നത് ഹേലിയായിരുന്നു. ശിവഗിരി മഠം വഴി പ്രസിദ്ധീകരിച്ച ഗുരുദേവ കൃതികളുടെ എക്സിക്യൂട്ടീവ് എഡിറ്ററും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പബിക്കേഷൻ ഡിവിഷന്റെ കൺവീനറുമായിരുന്നു ആർ. ഹേലി. പ്രൊഫ. ബാലകൃഷണൻനായർ എഴുതിയ സമ്പൂർണവ്യഖ്യാന ഗ്രന്ഥമായ 'ശിവാരവിന്ദം" പത്ത് വാല്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. കൈവച്ച മേഖലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും തൊട്ടതെല്ലാം പൊന്നക്കാനും കഴിഞ്ഞ പ്രതിഭശാലിയായ ഒരു ഉദ്യോഗസ്ഥനായിരുന്നു ആർ. ഹേലി. 1989 ൽ വിരമിച്ച ശേഷം മരിക്കുന്നതുവരേയും കർമ്മനിരതമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. കൃഷിയേയും കൃഷിക്കാരേയും കൃഷി ഉദ്യോഗസ്ഥരെയും ഇത്രയും സ്നേഹിച്ച മറ്റൊരാളും കൃഷി വകുപ്പിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.