
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ കണ്ണൂരിൽ നിന്നും ബോംബുകൾ പിടിച്ചെടുത്തു. മുഴക്കുന്ന് പഞ്ചായത്തിൽ നിന്നാണ് ആറ് ബോംബുകൾ പിടിച്ചെടുത്തത്. നെല്യാട്, വട്ടപ്പോയിൽ എന്നിവിടങ്ങളിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഇന്നലെ രാത്രി ബോംബ് സ്‌ഫോടനത്തിന്റെ ശബ്‌ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞതിനാൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിച്ചിരുന്ന മുടക്കോഴി മലയുടെ ഭാഗത്തുളള സ്ഥലമാണിത്. ഈ മലയുടെ ഭാഗത്ത് നിന്നാണ് ഇന്നലെ സ്‌ഫോടന ശബ്‌ദം കേട്ടത്.
നാടൻ ബോംബുകളാണ് പൊലീസ് പിടിച്ചെടുത്തത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂരിൽ കളളവോട്ട് ചെയ്യാനെത്തിയ ഒരാൾ പൊലീസ് പിടിയിലായി. കടന്നപ്പളളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ആലക്കാടിൽ കളളവോട്ട് ചെയ്യാനെത്തിയ മുർഫിദ് എന്നായാളാണ് പിടിയിലായത്. ഇയാൾ മുസ്ലീം ലീഗ് പ്രവർത്തകനാണെന്ന് സി പി എം ആരോപിച്ചു.
നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്‌ഠൻ മുർഷിദിന്റെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്. ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫ് പ്രവർത്തകർ ബുത്തിലെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും മുർഫിദ് പിടിയിലാവുകയുമായിരുന്നു.